ലോട്ടറി നിരോധനം പിന്‍വലിക്കണം: മുരളി
തിരുവനന്തപുരം: ലക്ഷങ്ങളെ പട്ടിണിയിലേക്ക് തള്ളിവിട്ട ലോട്ടറി നിരോധനം ഉടന്‍ പിന്‍വലിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ഓണ്‍ലൈന്‍ ലോട്ടറി സംബന്ധിച്ച സുപ്രിം കോടതി വിധി മറികടക്കുന്നതിന് സര്‍വകക്ഷിയോഗം വിളിക്കണം. ആരോടും ചര്‍ച്ച ചെയ്യാതെ ലോട്ടറി നിരോധിച്ചതിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. ധനമന്ത്രി വക്കം പുരുഷോത്തമന്റെ വ്യക്തിപരമായ താത്പര്യങ്ങള്‍ നടപ്പിലാക്കുകയല്ല സര്‍ക്കാര്‍ ചെയ്യേണ്ടത്.
ചര്‍ച്ചകളില്ലാതെ അതിവേഗം തീരുമാനമെടുക്കുന്ന ഉമ്മന്‍ചാണ്ടിയുടെ ശൈലി യുഡിഎഫിനെ അതിവേഗ പരാജയത്തിലേക്ക് നയിക്കും. ലോട്ടറി നിരോധനത്തോടെ മൂന്ന് ലക്ഷത്തോളം വരുന്ന ലോട്ടറി ജീവനക്കാരെയാണ് അകറ്റിയിരിക്കുന്നത്. ഇതിന്റെ തിരിച്ചടി വരുന്ന തിരഞ്ഞെടുപ്പിലുണ്ടാവും.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമാണ് ലോട്ടറി നടത്തിപ്പ് കേസില്‍ വീഴ്ചകളുണ്ടായത്. ലോട്ടറി ഡയറക്ടറായിരുന്ന സുരേഷ്കുമാറിനെ മാറ്റിയത് സംശയാസ്പദമായ നടപടിയാണ്.
സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങള്‍ പരസ്യമായി പറയേണ്ടെന്ന് കരുതിയതാണെങ്കിലും പക്ഷേ പറയാനുള്ളത് പറയാനുള്ള വേദികള്‍ നഷ്ടപ്പെടുകയാണ്. യുഡിഎഫ് ഉന്നതാധികാര സമിതി യോഗം ചേരുന്നില്ല. യോഗം ചേര്‍ന്നാല്‍ തന്നെ ചര്‍ച്ചകള്‍ നടക്കുന്നില്ല- മുരളി പറഞ്ഞു.












Click it and Unblock the Notifications