മൊബൈല്‍ നിരക്കുകള്‍ ചൊവ്വാഴ്ച മുതല്‍ കുറയും
ദില്ലി: ഫെബ്രവരി ഒന്നു മുതല്‍ കുറഞ്ഞ ആക്സസ് ഡെഫിസിറ്റ് ചാര്‍ജ് നിലവില്‍ വരുന്നതു സ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് എംടിഎന്‍എല്‍ സമര്‍പ്പിച്ച ഹര്‍ജി ടെലകോം ട്രിബ്യൂണല്‍ തള്ളിക്കളഞ്ഞു.
ഇതോടെ ഫെബ്രവരി ഒന്നുമുതല്‍ മൊബൈല്‍ ഫോണുകളില്‍ നിന്നുള്ള എസ്ടിഡി, ഐഎസ്ഡി കോളുകളുടെ നിരക്കുകള്‍ കുറയും. ഇതു ഇടക്കാല ഉത്തരവാണെന്നും ഇതിന്മേലുള്ള കൂടുതല്‍ വാദം ഫെബ്രവരി 24നു കേള്‍ക്കുമെന്നും ട്രിബ്യൂണല്‍ അറിയിച്ചിട്ടുണ്ട്.
അസോസിയേഷന്‍ ഓഫ് യൂണിഫൈഡ് സര്‍വീസ് പ്രോവൈഡേഴ്സ് ഓഫ് ഇന്ത്യ എഡിസി നിരക്കുകള്‍ കുറയ്ക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു നല്‍കിയ അപേക്ഷ ഹര്‍ജിയായി പരിഗണിക്കാനും ട്രിബ്യൂണല്‍ തീരുമാനിച്ചു.
എംടിഎന്‍എലും സെര്‍വീസ് അസോസിയേഷനും നല്‍കിയ ഹര്‍ജികളില്‍ രണ്ടാഴ്ചക്കുള്ളില്‍ മറുപടി നല്‍കാനും ടെലകോം അതോറിറ്റിയോട് ട്രിബ്യൂണല്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ആക്സസ് ഡെഫിസിറ്റ് ചാര്‍ജ് കുറയ്ക്കുന്നതു പോലുള്ള തീരുമാനങ്ങളെടുക്കുന്നതിലൂടെ ട്രിബ്യൂണലിനെ ട്രായ് ചോദ്യം ചെയ്യുകയാണെന്നും അതുകൊണ്ട് ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് വാദം കേള്‍ക്കാമെന്നും ടെലകോം ട്രിബ്യൂണല്‍ അറിയിച്ചു.
ടെലകോം ട്രിബ്യൂണല്‍ ഇത്തരം ഹര്‍ജികള്‍ സ്വീകരിക്കുന്നതു വഴി ടെലകോം നിയമങ്ങളെ വെല്ലുവിളിക്കുകയാണെന്നു കാണിച്ച് ദില്ലി ഹൈക്കോടതിയില്‍ ട്രായ് നല്‍കിയിരുന്ന ഹര്‍ജി പരിഗണിക്കുന്നത് കോടതി അടുത്തയാഴ്ചത്തേക്കു മാറ്റിവച്ചു.
എഡിസി നടപ്പാക്കുന്നത് ട്രിബ്യൂണല്‍ തടയാത്ത സാഹചര്യത്തില്‍ ഈ കേസ് ഹൈക്കോടതി മാറ്റിവച്ചത് നാളെ മുതല്‍ ഫോണ്‍ നിരക്കുകള്‍ കുറയ്ക്കാനുള്ള തീരുമാനത്തെ ബാധിക്കില്ല.
എഡിസി കുറയ്ക്കുന്നതോടെ എയര്‍ടെല്‍, ഹച്ച് തുടങ്ങിയ സ്വകാര്യടെലഫോണ്‍ കമ്പനികള്‍ ദീര്‍ഘദൂര നിരക്കുകള്‍ ഫിബ്രവരി ഒന്ന് മുതല്‍ കുറയ്ക്കാന്‍ തീരുമാനിച്ചിരുന്നു.
ഫിബ്രവരി ഒന്ന് മുതല്‍ എയര്‍ടെല്‍, ഹച്ച് എന്നിവയില്‍ നിന്നുള്ള ഐഎസ്ഡി കോളുകളുടെ നിരക്ക് 1.75 രൂപയും എസ്ടിഡി കോളുകളുടെ നിരക്ക് 35 പൈസയും കുറയും.
ബിഎസ്എന്‍എല്ലില്‍ നിന്ന് യുഎസ്സിലേക്കുള്ള ഐഎസ്ഡി നിരക്ക് ചൊവ്വാഴ്ച മുതല്‍ 7.20 രൂപയായിരിക്കും. എയര്‍ടെല്‍, ഹച്ച് എന്നിവയുടെ പോസ്റ്പെയിഡ് വരിക്കാര്‍ യുഎസ്സിലേക്കുള്ള കോളിന് 14.24 രൂപയാണ് ചൊവ്വാഴ്ച മുതല്‍ നല്‍കേണ്ടത്. എംഎടിഎന്‍എല്‍ നിരക്ക് 12 രൂപയും.
എയര്‍ടെല്ലില്‍ നിന്ന് മറ്റ് മൊബൈല്‍ ഫോണുകളിലേക്കും ലാന്റ് ഫോണിലേക്കുമുള്ള എസ്ടിഡി കോളുകളുടെ നിരക്ക് 2.65 രൂപയായി കുറയും. എയര്‍ടെല്ലില്‍ നിന്നും എയര്‍ടെല്ലിലേക്കുള്ള എസ്ടിഡി കോള്‍ നിരക്കില്‍ മാറ്റമില്ല.
എയര്‍ടെല്ലിന്റെയും ഹച്ചിന്റെയും പ്രീപെയ്ഡ് വരിക്കാര്‍ യുഎസ്സിലേക്ക് വിളിക്കുമ്പോള്‍ മിനുട്ടിന് 15.23 രൂപയായിരിക്കും നിരക്ക്. ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള നിരക്ക് 18.24 രൂപയാവും. ഇത് ഇപ്പോള്‍ 19.99 രൂപയാണ്.












Click it and Unblock the Notifications