കേരള കോണ്‍ഗ്രസ്-ബിയും ജനതാദളും ലയിക്കുന്നു
കൊട്ടാരക്കര: കേരള കോണ്‍ഗ്രസ് (ബി), ജനതാദള്‍ എന്നീ പാര്‍ട്ടികള്‍ ലയിക്കാന്‍ തീരുമാനിച്ചതായി അറിയുന്നു. യുഡിഎഫ് നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന ആര്‍. ബാലകൃഷ്ണപിള്ളയുടെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ് (ബി) എല്‍ഡിഎഫിലെ ഘടകകക്ഷിയായ ജനതാദളുമായി ലയിക്കാനാണ് തീരുമാനം.
ലയനം മാര്‍ച്ചില്‍ നടക്കുമെന്നാണ് അറിയുന്നത്. ജനതാദള്‍ എക്സിക്യൂട്ടീവ് കേരള കോണ്‍ഗ്രസ് (ബി)യുടെ ലയനത്തെ സ്വാഗതം ചെയ്തിട്ടുണ്ട്. ലയനം സംബന്ധിച്ച തുടര്‍നടപടികള്‍ക്കും എല്‍ഡിഎഫ് നേതാക്കളുമായി ചര്‍ച്ച നടത്തുന്നതിനും പാര്‍ട്ടി പ്രസിഡന്റ് എം. പി. വീരേന്ദ്രകുമാറിനെ ജനതാദള്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്. രണ്ടാഴ്ച മുമ്പ് വീരേന്ദ്രകുമാര്‍ കേരള കോണ്‍ഗ്രസ് ബിയുടെ തിരുവനന്തപുരത്തെ ഓഫീസില്‍ വച്ച് ലയനം സംബന്ധിച്ച് ബാലകൃഷ്ണപിള്ളയുമായി ചര്‍ച്ച നടത്തിയിരുന്നു.
കേരളത്തിലെ മുന്നണി ബന്ധങ്ങളില്‍ ചില മാറ്റങ്ങള്‍ സൃഷ്ടിക്കന്നതായിരിക്കും കേരള കോണ്‍ഗ്രസ് ബി- ജനതാദള്‍ ലയനം. യുഡിഎഫുമായി ഇടഞ്ഞുനില്‍ക്കുകയാണെങ്കിലും കേരള കോണ്‍ഗ്രസ് ബിയെ എല്‍ഡിഎഫില്‍ എടുക്കില്ലെന്ന് നേരത്തെ പ്രതിപക്ഷനേതാവ് വി. എസ്. അച്യുതാനന്ദന്‍ പറഞ്ഞിരുന്നതാണ്. എന്നാല്‍ ജനതാദളില്‍ പാര്‍ട്ടി ലയിക്കുന്നതോടെ ബാലകൃഷ്ണപിള്ളയും കൂട്ടരും എല്‍ഡിഎഫിന്റെ ഭാഗമാവും.
അതേ സമയം ലയനനീക്കം അറിഞ്ഞ് യുഡിഎഫ് കണ്‍വീനര്‍ പി. പി. തങ്കച്ചന്‍ ബാലകൃഷ്ണപിള്ളയുമായി ചര്‍ച്ച നടത്തിയിരുന്നു. യുഡിഎഫ് വിടരുതെന്ന് തങ്കച്ചന്‍ അഭ്യര്‍ഥിച്ചെങ്കിലും ലയനനീക്കത്തില്‍ നിന്ന് പിന്തിരിയില്ലെന്ന് പിള്ള വ്യക്തമാക്കിയതായി അറിയുന്നു.
ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ നിന്ന് കേരള കോണ്‍ഗ്രസ് ബിയെ ഒഴിവാക്കിയതോടെ യുഡിഎഫ് നേതൃത്വവുമായി ഇടഞ്ഞ ബാലകൃഷ്ണപിള്ള മുന്നണിയുമായി പരസ്യമായ പോരിലായിരുന്നു.












Click it and Unblock the Notifications