കൊട്ടിയം: പെണ്‍കുട്ടിയുടെ സഹോദരന്‍ പ്രതി
തിരുവനന്തപുരം: കൊട്ടിയം പീഡനക്കേസിലെ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ കേസില്‍ സഹോദരന്‍ ബിജുവിനെ പൊലീസ് അറസ്റു ചെയ്തുവെന്നും അയാള്‍ കുറ്റം സമ്മതിച്ചുവെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ അറിയിച്ചു.
ഇതെത്തുടര്‍ന്ന് സ്പീക്കര്‍ ഇക്കാര്യത്തിന്മേല്‍ പി.കെ ശ്രീമതി ടീച്ചര്‍ അവതരിപ്പിക്കാനിരുന്ന അടിയന്തിരപ്രമേയത്തിന് അനുമതി നിഷേധിച്ചു.
പെണ്‍കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് പി.കെ ശ്രീമതി ടീച്ചര്‍ അടിയന്തിര പ്രമേയത്തിന് അനുമതി തേടിയപ്പോഴാണ് മുഖ്യമന്ത്രി നിയമസഭയില്‍ പെണ്‍കുട്ടിയുടെ സഹോദരനെ അറസ്റു ചെയ്ത വിവരം അറിയിച്ചത്.
പെണ്‍കുട്ടികള്‍ക്കു സംരക്ഷണം നല്‍കാന്‍ യുഡിഎഫ് സര്‍ക്കാരിനു സാധിക്കുന്നില്ലെന്നും തെളിവുകള്‍ നശിപ്പിക്കാനായാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതെന്നും ശ്രീമതിടീച്ചറും സ്ഥലം എംഎല്‍എ എ. എ. അസീസും ആരോപണമുന്നയിച്ചപ്പോള്‍ അറസ്റിനെക്കുറിച്ച് അറിയിച്ച മുഖ്യമന്ത്രി സ്ഥലം എംഎല്‍എയെങ്കിലും ഇക്കാര്യമറിയേണ്ടിയിരുന്നതാണെന്നും അഭിപ്രായപ്പെട്ടു.
സ്പീക്കര്‍ അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചെങ്കിലും പ്രതിഷേധമുയര്‍ത്താതെ പ്രതിപക്ഷം മൗനം പാലിച്ചു.
ജനവരി 31നാണ് പീഡനക്കേസിലെ പെണ്‍കുട്ടി ഷൈനിയെ വീടിനുള്ളില്‍ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. വീടിനുള്ളില്‍ നിന്നും ആരോ പുറത്തേക്കോടുന്നതു കണ്ടെന്ന് പെണ്‍കുട്ടിയുടെ അമ്മൂമ്മ മൊഴി നല്‍കിയിരുന്നു.


Click it and Unblock the Notifications