കൊട്ടിയം പെണ്‍വാണിഭം: പെണ്‍കുട്ടി കൊല്ലപ്പെട്ടു
കൊട്ടിയം: വിവാദം സൃഷ്ടിച്ച കൊട്ടിയം പെണ്‍വാണിഭക്കേസില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
കണ്ണനല്ലൂര്‍ സെന്റ് മേരീസ് പള്ളിക്കു സമീപം കളീലഴികത്തുവീട്ടില്‍ ഷൈനി(14)യെയാണ് ചുരിദാറിന്റെ ഷാള്‍ കഴുത്തില്‍ വരിഞ്ഞുമുറുക്കി മരിച്ച നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയെ ആരോ കൊലപ്പെടുത്തിയതാണെന്ന് സംശയമുണ്ട്. മുറിയില്‍ പിടിവലി നടന്നതിന്റെ ലക്ഷണങ്ങളുണ്ടായിരുന്നു.
ജനവരി 31 തിങ്കളാഴ്ച മീന്‍കച്ചവടം കഴിഞ്ഞെത്തിയ ഷൈനിയുടെ അമ്മൂമ്മയാണ് വിവരം നാട്ടുകാരെ അറിയിച്ചത്. വീടിന്റെ പിന്‍വാതിലിലൂടെ ആരോ പുറത്തേക്കോടുന്നതു കണ്ടുവെന്നും അവര്‍ പറഞ്ഞു. ഷൈനിയുടെ അമ്മ ലീല ഈ സമയം വീടിനു സമീപത്തുള്ള സ്കൂളിനരികില്‍ ഇരിക്കുകയായിരുന്നു. ഇവര്‍ മാനസിക രോഗിയാണ്.
സംഭവത്തിന് മുന്‍പ് ഷൈനി അടുത്തുള്ള ബൂത്തില്‍ നിന്നും ഒരു മൊബൈല്‍ നമ്പറിലേക്ക് വിളിച്ചതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. പെണ്‍കുട്ടി മരിച്ച വിവരമറിഞ്ഞെത്തിയ പഞ്ചായത്ത് മെമ്പറാണ് വിവരം പൊലീസിനെ അറിയിച്ചത്. ജില്ലാപൊലീസ് സൂപ്രണ്ട്, ഡിവൈഎസ്പി തുടങ്ങിയവരുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘം സ്ഥലത്തെത്തി.
2004 ഏപ്രിലില്‍ സംശയകരമായ സാഹചര്യത്തില്‍ ചവറയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയെ പൊലീസ് അറസ്റു ചെയ്തതോടെയാണ് പീഡനക്കേസ് പുറത്തുവരുന്നത്. അന്ന് ഷൈനിയുടെ മൊഴിയനുസരിച്ച് സ്ത്രീകളടക്കം 24 പേരെ പ്രതിയാക്കി പൊലീസ് കേസ് രജിസ്റര്‍ ചെയ്തിരുന്നു. ഇവരില്‍ 20പേരെ അറസ്റു ചെയ്ത് റിമാന്‍ഡു ചെയ്തിരുന്നു. നാലുപേര്‍ ഇപ്പോളും ഒളിവിലാണ്. തിരുവനന്തപുരത്തെ പാങ്ങോട് പട്ടാളക്യാമ്പിലും തന്നെ പീഡിപ്പിച്ചുവെന്ന ഷൈനിയുടെ വെളിപ്പെടുത്തല്‍ സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു.
അബ്കാരികളടക്കമുള്ള പല പ്രമുഖരും ഉള്‍പ്പെട്ടിട്ടുള്ള ഈ കേസിലെ കുറ്റപത്രം അടുത്തുതന്നെ സമര്‍പ്പിക്കാനിരിക്കെ പെണ്‍കുട്ടി കൊല്ലപ്പെട്ടത് കേസ് ദുര്‍ബലമാക്കിയേക്കും.












Click it and Unblock the Notifications