നേപ്പാള്‍ സര്‍ക്കാരിനെ പിരിച്ചുവിട്ടു
കാഠ്മണ്ഡു: പ്രധാനമന്ത്രി ഷേര്‍ ബഹാദൂര്‍ ദുബയുടെ നേതൃത്വത്തിലുള്ള നേപ്പാളിലെ കൂട്ടുകക്ഷി സര്‍ക്കാരിനെ രാജാവ് ഗ്യാനേന്ദ്ര പിരിച്ചുവിട്ടു.
ഗ്യാനേന്ദ്ര രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. തന്റെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ഗ്യാനേന്ദ്ര രാജാവ് ടെലിവിഷനില്‍ രാജ്യത്തോട് നടത്തിയ പ്രസംഗത്തില്‍ അറിയിച്ചു.
ഏപ്രിലോടെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നടത്തുന്നതിന് വേണ്ട ഒരുക്കങ്ങള്‍ നടത്തുന്നതിലും ക്രമസമാധാനം തിരികെ കൊണ്ടുവരുന്നതിലും ജനാധിപത്യം സംരക്ഷിക്കുന്നതിലും പരാജയപ്പെട്ടതിനാലാണ് ദുബ സര്‍ക്കാരിനെ പിരിച്ചുവിടുന്നതെന്ന് അദ്ദേേഹം വ്യക്തമാക്കി.
നിരപരാധികളായ കുട്ടികള്‍ പോലും കൊല്ലപ്പെടുകയാണെന്നും എന്നാല്‍ ജനജീവിതത്തിന് സുരക്ഷ നല്‍കാന്‍ സര്‍ക്കാരിന് കഴിയുന്നില്ലെന്നും ഈ സാഹചര്യത്തില്‍ രാജാവിന്റെ ഉത്തരവാദിത്തം താന്‍ നിറവേറ്റുകയാണെന്നും ഗ്യാനേന്ദ്ര വ്യക്തമാക്കി.
നേതാക്കളെല്ലാം വീട്ടുതടങ്കലിലാണെന്നാണ് അറിയുന്നത്. കാഠ്മണ്ഡുവിലെങ്ങും സൈനികരെ വിന്യസിച്ചിട്ടുണ്ട്. ഫിബ്രവരി ഒന്ന് ചൊവ്വാഴ്ച രാജാവ് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യേണ്ടതായിരുന്നു. എന്നാല്‍ അതിന് മുമ്പ് സര്‍ക്കാരിനെ പിരിച്ചുവിട്ടതായി അറിയിച്ചു.
കഴിഞ്ഞ വര്‍ഷമാണ് രാജാവ് ഗ്യാനേന്ദ്ര ദുബയെ പ്രധാനമന്ത്രിയായി നിയമിച്ചത്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നടത്താനും മാവോയിസ്റ് കലാപകാരികളുമായി ചര്‍ച്ച നടത്താനും രാജാവ് ദുബയോട് ആവശ്യപ്പെട്ടിരുന്നു.
തിരഞ്ഞെടുപ്പ് നടത്താത്തതിനെ തുടര്‍ന്ന് 2002ലും ദുബെ സര്‍ക്കാരിനെ രാജാവ് നീക്കിയിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം ദുബെയോട് വീണ്ടും സര്‍ക്കാര്‍ രൂപീകരിക്കാന്‍ രാജാവ് ആവശ്യപ്പെട്ടു.












Click it and Unblock the Notifications