കോഴ ചോദിച്ചുവെന്ന് ബിഷപ്പ് മൊഴി നല്കി
കോഴിക്കോട്: ബിഎഡ് കോളജ് അനുവദിക്കുന്നതിന് മുസ്ലിം ലീഗ് നേതാക്കള്‍ കോഴ ചോദിച്ചുവെന്ന് അറിയിച്ച് മുഖ്യമന്ത്രിക്ക് താന്‍ കത്തയച്ചിരുന്നുവെന്ന് മീനങ്ങാട് ബിഷപ്പ് യൂഹന്നാന്‍ മാര്‍ ഫീലിക്സിനോസ് കോഴിക്കോട് വിജിലന്‍സ് ജഡ്ജി മുമ്പാകെ മൊഴി നല്കി.
തങ്ങള്‍ നല്കുന്ന പട്ടികയുടെ അടിസ്ഥാനത്തിലായിരിക്കും ബിഎഡ് കോളജ് അനുവദിക്കുന്നതെന്ന് ലീഗ് നേതാക്കള്‍ തന്നോട് പറഞ്ഞിരുന്നുവെന്ന് ബിഷപ്പ് വെളിപ്പെടുത്തി.
ലീഗ് നേതാക്കള്‍ തന്നോട് കോഴ ചോദിച്ച കാര്യം ഉമ്മന്‍ചാണ്ടിയോടും ടി. എം. ജേക്കബിനോടും പറഞ്ഞിരുന്നുവെന്ന് ബിഷപ്പ് ആവര്‍ത്തിച്ചു. ഇക്കാര്യം തന്നോട് പറഞ്ഞിട്ടില്ലെന്നാണ് ഉമ്മന്‍ചാണ്ടി കോടതിയില്‍ നേരത്തെ മൊഴി നല്‍കിയിരുന്നത്.
യുഡിഎഫ് അധികാരത്തിലെത്തിയാല്‍ വേണ്ടത്ര സൗകര്യങ്ങളുണ്ടെങ്കില്‍ കോളജ് അനുവദിച്ചുകിട്ടുമെന്ന് മീനങ്ങാടി തിരുമേനിയുടെ 60-ാം ജന്മവാര്‍ഷികത്തോട് അനുബന്ധിച്ചുനടന്ന ആഘോഷങ്ങളില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ ഉമ്മന്‍ചാണ്ടി തന്നോട് പറഞ്ഞിരുന്നതായി ബിഷപ്പ് വ്യക്തമാക്കി.
ലീഗ് നേതാക്കള്‍ കോഴ ചോദിച്ചപ്പോള്‍ അവര്‍ക്ക് കോളജ് അനുവദിക്കുന്ന കാര്യത്തില്‍ എന്തെങ്കിലും ചെയ്യാനാവുമോ എന്ന് കരുതിയിരുന്നോ എന്ന കോടതിയുടെ ചോദ്യത്തിന് അറിയില്ലെന്ന് ബിഷപ്പ് മറുപടി നല്കി.
ദേഹാസ്വാസ്ഥ്യം മൂലം രണ്ട് തവണ കോടതിയില്‍ ഹാജരാകാതിരുന്നതിന് ശേഷമാണ് ബിഷപ്പ് ഫിബ്രവരി അഞ്ച് ശനിയാഴ്ച കോടതിയില്‍ ഹാജരായത്.
പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന് കോടതിക്ക് ബോധ്യപ്പെട്ടാല്‍ തുടര്‍ന്ന് കേസില്‍ വിചാരണ ആരംഭിക്കും.