കോട്ടയം: മാലിന്യസംസ്കരണത്തിനായി 4.25 കോടി
തിരുവനന്തപുരം: കോട്ടയം മെഡിക്കല്‍ കോളജില്‍ മാലിന്യസംസ്കരണത്തിനായി 4.25 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ പറഞ്ഞു.
മെഡിക്കല്‍ കോളജിലെ മാലിന്യസംസ്കരണ പ്ലാന്റിന്റെ അറ്റകുറ്റപ്പണിക്കായി 45 ലക്ഷം രൂപ അനുവദിച്ചുകഴിഞ്ഞു. സംസ്ഥാനത്തെ മറ്റ് മെഡിക്കല്‍ കോളജുകളിലും ഇത്തരത്തിലുള്ള അടിയന്തിര അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കുന്നതിന് നടപടികളുണ്ടാവും.
മഞ്ഞപ്പിത്തബാധയെ കുറിച്ച് കോടിയേരി ബാലകൃഷ്ണന്‍ (സിപിഎം) അവതരിപ്പിച്ച അടിയന്തിരപ്രമേയത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
മഞ്ഞപിത്തബാധ മൂലം സംസ്ഥാനത്ത് ഒമ്പത് പേര്‍ മരിച്ചിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്കെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇതില്‍ കോട്ടയം മെഡിക്കല്‍ കോളജിലെ രണ്ട് ഡോക്ടര്‍മാരും ഉള്‍പ്പെടും.
സപ്തംബറില്‍ മഞ്ഞപിത്തബാധ ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോള്‍ 121 പേരാണ് ആശുപത്രിയിലുണ്ടായിരുന്നത്. ജനവരി അവസാനത്തോട് അത് ആറായി കുറയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
മഞ്ഞപ്പിത്തബാധ തടയുന്നിന് ആരോഗ്യപ്രവര്‍ത്തകര്‍ ജനങ്ങള്‍ തിങ്ങിക്കൂടി താമസിക്കുന്ന സ്ഥലങ്ങളിലും മറ്റു സ്ഥലങ്ങളിലും സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. കാര്യങ്ങള്‍ നിയന്ത്രണവിധേയമായിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഒമ്പത് പേരാണ് മഞ്ഞപ്പിത്തബാധ മൂലം മരിച്ചതെന്നാണ് സര്‍ക്കാര്‍ പറയുന്നതെങ്കിലും യഥാര്‍ഥത്തില്‍ 13 പേര്‍ മരിച്ചിട്ടുണ്ടെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. മെഡിക്കല്‍ കോളജിലെ രണ്ട് ഡോക്ടര്‍മാര്‍ മഞ്ഞപിത്തം ബാധിച്ച് മരിച്ചുവെന്നത് സ്ഥിതിയുടെ ഗൗരവം വെളിവാക്കുന്നതാണ്. സഭ നിര്‍ത്തിവച്ച് ഇതിനെ കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന് കോടിയേരി ആവശ്യപ്പെട്ടെങ്കിലും മുഖ്യമന്ത്രിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ അടിന്തിരപ്രമേയത്തിന് അവതരാണാനുമതി നിഷേധിച്ചു.












Click it and Unblock the Notifications