വനംമന്ത്രി വിശ്വനാഥന്‍ രാജിവച്ചു
തിരുവനന്തപുരം: വനംമന്ത്രി കെ. പി. വിശ്വനാഥന്‍ രാജിവച്ചു. ചന്ദനമാഫിയയുമായി മന്ത്രിക്കു നേരിട്ടു ബന്ധമുണ്ടെന്ന ഹൈക്കോടതി പരാമര്‍ശത്തെ തുടര്‍ന്നാണ് രാജി. നിയമസഭയിലാണ് മന്ത്രി രാജി പ്രഖ്യാപിച്ചത്. മന്ത്രിയുടെ രാജി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ഫിബ്രവരി ഒമ്പത് ബുധനാഴ്ച നിയമസഭയില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തിരപ്രമേയ നോട്ടീസിനുള്ള മറുപടിയിലാണ് മന്ത്രി രാജി പ്രഖ്യാപിച്ചത്.
സിപിഎമ്മിലെ മത്തായി ചാക്കോയാണ് അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. കോടതി പരാമര്‍ശത്തിന് വിധേയനായ മന്ത്രി ഒരു നിമിഷം പോലും തത്സ്ഥാനത്ത് തുടരരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കോടതി പരാമര്‍ശത്തെത്തുടര്‍ന്ന് രാജി വച്ചിട്ടുള്ള മുന്‍ഗാമികളെ ഉദാഹരിച്ചായിരുന്നു മത്തായിചാക്കോ ഇത് ആവശ്യപ്പെട്ടത്.
അവതരണാനുമതി ചര്‍ച്ചയില്‍ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ പരസ്പരം വാക്പയറ്റ് നടത്തി. തുടര്‍ന്ന് അടിയന്തിര പ്രമേയത്തിനുള്ള മറുപടി ചര്‍ച്ചയിലാണ് വിശ്വനാഥന്‍ രാജി പ്രഖ്യാപിച്ചത്. തനിക്ക് ചന്ദനമാഫിയയുമായി ബന്ധമുണ്ടെന്ന പരാമര്‍ശം അദ്ദേഹം നിഷേധിക്കുകയും ചെയ്തു.
ഹൈക്കോടതി പരാമര്‍ശത്തിന്റെ പേരില്‍ വനംമന്ത്രി രാജി വയ്ക്കേണ്ട ആവശ്യമില്ലെന്നും കോടതി പരാമര്‍ശത്തിനെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നേരത്തെ പറഞ്ഞിരുന്നു. വനംമന്ത്രിക്കെതിരായി ഉയര്‍ന്ന ആരോപണത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് ഉമ്മന്‍ചാണ്ടി ഇങ്ങനെ പറഞ്ഞത്.
പാലക്കാട് വാളയാറുള്ള ചന്ദനഫാക്ടറിയില്‍ നിന്നും അനധികൃതമായി ചന്ദനത്തടികള്‍ പിടിച്ച കേസില്‍ ചന്ദനമാഫിയക്ക് വനംമന്ത്രിയടക്കം സംസ്ഥാനത്തെ ഉന്നത രാഷ്ട്രീയ നേതാക്കളുമായി ബന്ധമുണ്ടെന്ന് ഹൈക്കോടതി പരാമര്‍ശിച്ചിരുന്നു. ഇതെത്തുടര്‍ന്ന് പ്രതിപക്ഷനേതാവും കേരളകോണ്‍ഗ്രസ് ബി നേതാവ് ബാലകൃഷ്ണപിള്ളയുമടക്കമുള്ളവര്‍ മന്ത്രി രാജിവയ്ക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു.












Click it and Unblock the Notifications