നികുതിയടച്ച ലോട്ടറികള്‍ വില്‍ക്കാം: ഹൈക്കോടതി
തിരുവനന്തപുരം: ലോട്ടറി നിരോധനം പ്രഖ്യാപിക്കുന്നതിനു മുന്‍പ്സര്‍ക്കാരിനു നല്‍കേണ്ട നികുതിയടച്ച അന്യസംസ്ഥാന ലോട്ടറികള്‍ സംസ്ഥാനത്തു വില്‍ക്കാമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
മാര്‍ച്ച് 31വരെയുള്ള നികുതിയടച്ച ലോട്ടറികള്‍ക്കാണ് ഈ നിയമം ബാധകമാവുക. മേഘാലയ, സിക്കിം, ഭൂട്ടാന്‍ എന്നീ അന്യസംസ്ഥാന ലോട്ടറികള്‍ക്ക് ഈ ഉത്തരവിന്റെ പ്രയോജനം ലഭിക്കും.
ലോട്ടറി നിരോധനത്തിനെതിരെ പാലക്കാട്ടെ ബി ആര്‍ എന്റര്‍പ്രൈസസുംഇടുക്കിയിലെ ഒരു സ്വകാര്യ സ്ഥാപനവും സമര്‍പ്പിച്ച ഹര്‍ജിയില്‍ ജസ്റിസുമാരായ സുഭാഷണ്‍ റെഡ്ഢി, എ കെ ബഷീര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് ഈ ഉത്തരവു പുറപ്പെടുവിച്ചത്. ബി ആര്‍ എന്റര്‍പ്രൈസസ് 28 ലക്ഷവും ഇടുക്കിയിലെ സ്ഥാപനം രണ്ടു ലക്ഷം രൂപയും നികുതിയായി നേരത്തെ അടച്ചിരുന്നു. സുപ്രീംകോടതിയുടെയും ചെന്നൈ ഹൈക്കോടതിയുടെയും വിധിയുടെ അടിസ്ഥാനത്തിലായിരുന്നു അത്.
നികുതി അടച്ച ശേഷമുണ്ടായ ലോട്ടറി നിരോധനം വന്‍ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നതാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. മുന്‍കൂര്‍ നികുതി അടച്ചതിനാല്‍ മാര്‍ച്ച് 31 വരെ സംസ്ഥാനത്ത് വില്‍പന നടത്താന്‍ അനുവദിക്കണമെന്നും അന്യസംസ്ഥാന ലോട്ടറികളുടെ കേരളത്തിലെ മൊത്ത വിതരണ ഏജന്‍സികളായ ഇവര്‍ ആവശ്യപ്പെട്ടു.
സമ്പൂര്‍ണ ലോട്ടറി നിരോധനം നടപ്പാക്കിയാല്‍ മാത്രമേ അന്യസംസ്ഥാന പേപ്പര്‍ ലോട്ടറികളെയും ഓണ്‍ലൈന്‍ ലോട്ടറികളെയും തടയാനാകുവെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാന ഭാഗ്യക്കുറി പുനസ്ഥാപിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിക്കഴിഞ്ഞതിനാല്‍ അതിനൊപ്പം അന്യസംസ്ഥാന പേപ്പര്‍ലോട്ടറികള്‍ക്ക് നികുതി അടച്ച് പ്രവര്‍ത്തിക്കാനാകും.
നടപ്പ് സമ്മേളനത്തില്‍ ഇത് സംബന്ധിച്ച നിയമം നടപ്പാക്കാനിരിക്കുകയുമാണ്. ഫലത്തില്‍ മാര്‍ച്ച് 31ന് ശേഷവും അന്യസംസ്ഥാന ലോട്ടറികള്‍ക്ക് പ്രവര്‍ത്തിക്കാനാകുമെന്നാണ് ഇതുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വിലയിരുത്തുന്നത്.
ലോട്ടറി കമ്പനികള്‍ക്ക് വേണ്ടി സീനിയര്‍ അഭിഭാഷക നളിനി ചിദംബരവും സംസ്ഥാന സര്‍ക്കാറിന് വേണ്ടി അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ രാജന്‍ ജോസഫും ഹാജരായി.












Click it and Unblock the Notifications