മുല്ലപ്പെരിയാര്‍ ഡാമിന്റെ ഉയരം കൂട്ടണം: വൈക്കോ
തിരുവനന്തപുരം: കേരളവും തമിഴ്നാടും തമ്മിലുള്ള നദീജല തര്‍ക്കങ്ങള്‍ പരിഹരിക്കണമെന്ന് തമിഴ്നാട്ടിലെ എം ഡി എം കെ പാര്‍ട്ടി നേതാവ് വൈക്കോ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോട് അഭ്യര്‍ത്ഥിച്ചു. മുല്ലപ്പെരിയാര്‍ ഡാമിന്റെ ഉയരവും ജലസംഭരണ ശേഷിയും കൂട്ടണമെന്നും പറമ്പിക്കുളം ആളിയാര്‍ പദ്ധതി നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിവിധ ആവശ്യങ്ങളുന്നയിച്ച് എം ഡി എം കെ ജനറല്‍ സെക്രട്ടറി വൈക്കോയുടെ നേതൃത്വത്തിലുള്ള ആറംഗ സംഘം മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി.
നദീജലപ്രശ്നത്തില്‍ തമിഴ്നാട്ടിലെ കര്‍ഷകര്‍ക്ക് അനുകൂല നിലപാടുണ്ടാകണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഡിന്‍ഡിഗലില്‍ ചേര്‍ന്ന പാര്‍ട്ടി കര്‍ഷക യോഗത്തിലെ അഭിപ്രായം മുഖ്യമന്ത്രിയെ ധരിപ്പിച്ച സംഘം മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയര്‍ത്തുന്നതിന് അനുകൂല നിലപാടുണ്ടാകണമെന്നും സാധ്യമെങ്കില്‍ റിസര്‍വോയറിന്റെ പ്രവര്‍ത്തനം തമിഴ് നാട് സര്‍ക്കാറിന് ഏല്‍പ്പിക്കണമെന്നും അഭ്യര്‍ത്ഥിച്ചു. പടിഞ്ഞാറിലേക്ക് ഒഴുകുന്ന കേരള നദികള്‍ തമിഴ്നാട്ടിലേക്ക് തിരിച്ച് വിടാന്‍ നടപടി സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
പാര്‍ട്ടി ട്രഷറര്‍ എം കണ്ണപ്പന്‍, ലോക സഭാംഗങ്ങളായ കൃഷ്ണന്‍, സിപ്പിപ്പാറൈ രവിചന്ദ്രന്‍, ഗണേശ മൂര്‍ത്തി, ആര്‍ ടി മാരിയപ്പന്‍, ഈറോഡ്, കോയമ്പത്തൂര്‍ ജില്ലകളിലെ പാര്‍ട്ടി സെക്രട്ടറിമാര്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.












Click it and Unblock the Notifications