ഹിന്ദുഐക്യം തെരഞ്ഞെടുപ്പോടെ തീരും: അഴീക്കോട്
കണിച്ചുകുളങ്ങര: ഈഴവ-നായര്‍ സഖ്യം അടുത്ത തെരഞ്ഞെടുപ്പോടെ തീരുമെന്ന് ഡോ: സുകുമാര്‍ അഴീക്കോട്. കണിച്ചുകുളങ്ങര ജനാധിപത്യവേദിയുടെ അഞ്ചാം വാര്‍ഷികത്തോട് അനുബന്ധിച്ച് നടന്ന സമ്മേളനത്തിലാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്.
മണ്ണാങ്കട്ടയും കരിയിലയും കാശിക്കുപോയതുപോലെയാണ് വെള്ളാപ്പള്ളിയുടെയും നാരായണപ്പണിക്കരുടേയും ഐക്യം. തെരഞ്ഞെടുപ്പ് എന്ന കൊടുങ്കാറ്റില്‍ ഒരാള്‍ പറന്നുപോകും . മറ്റേയാള്‍ അലിഞ്ഞുപോകും. എസ്എന്‍ഡിപി യോഗമെന്ന ചന്ദനമരത്തിലെ വിഷപ്പാമ്പാണ് വെള്ളാപ്പള്ളി. നാരായണപ്പണിക്കര്‍ നാശഗ്രഹത്തിന്റെ ആലിംഗനത്തിലാണ്. നടേശനെ എന്‍എസ്എസിന്റെ പ്രസിഡന്റാക്കി നാരായണപ്പണിക്കര്‍ എസ്എന്‍ഡിപിയെ രക്ഷിക്കണമെന്ന് അഴീക്കോട് പറഞ്ഞു.
ഹിന്ദുഐക്യം സവര്‍ണരുടെ ഐക്യമാണെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത എസ്എന്‍ഡിപി യോഗം പ്രസിഡന്റ് അഡ്വ സി.കെ. വിദ്യാസാഗര്‍ പറഞ്ഞു. അധികാരം അധഃസ്ഥിതരിലേയ്ക്ക് എന്ന യോഗത്തിന്റെ മുദ്രാവാക്യം വെള്ളാപ്പള്ളി ലംഘിക്കുകയാണെന്നും വിദ്യാസാഗര്‍ പറഞ്ഞു.












Click it and Unblock the Notifications