ബോംബു ഭീഷണി: ഗുരുവായൂരില്‍ കനത്ത സുരക്ഷ
ഗുരുവായൂര്‍: ബോംബുഭീഷണിയെ തുടര്‍ന്ന് ഗുരുവായൂര്‍ ക്ഷേത്രത്തിലും പരിസര പ്രദേശങ്ങളിലും സുരക്ഷ കര്‍ശനമാക്കി. ഗുരുവായൂരിലേക്കുള്ള വാഹനങ്ങള്‍ പരിശോധിച്ചതിനു ശേഷം മാത്രമാണ് കടത്തിവിടുന്നത്.
സുരക്ഷയുടെ ഭാഗമായി ക്ഷേത്രകവാടത്തില്‍ നാലു മെറ്റല്‍ ഡിറ്റക്ടറുകള്‍ സ്ഥാപിച്ചുകഴിഞ്ഞു. ഇതിലൂടെയാണ് ഭക്തരെ കടത്തിവിടുന്നത്. ക്ഷേത്രത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്യാമറകള്‍ സ്ഥാപിച്ച് മോണിറ്റര്‍ പൊലീസ് സ്റേഷനില്‍ സ്ഥാപിച്ചതായി സിഐ ആര്‍. സുനീഷ് കുമാര്‍ അറിയിച്ചു. ഇതിലൂടെ ക്ഷേത്രത്തിലെ ദൃശ്യങ്ങള്‍ അപ്പപ്പോള്‍ കാണാനാകും.
ഫിബ്രവരി 13 ഞായറാഴ്ച മലയാളമാസം ഒന്നാംതീയതിയായതിനാല്‍ തിരക്കുകൂടാനുള്ള സാധ്യത പരിഗണിച്ച് ഭക്തജനങ്ങളുടെ ക്യൂവില്‍ ഒരു മെറ്റല്‍ ഡിറ്റക്ടര്‍ കൂടി സ്ഥാപിക്കും. സമീപപ്രദേശങ്ങളിലെ ലോഡ്ജുകളില്‍ ഇന്നു രാത്രി പരിശോധന നടത്തും.
ഭക്തജനങ്ങളുടെ ഭീതിയകറ്റാന്‍ വിവേകാന്ദ സാംസ്കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഫെബ്രവരി 12 ശനിയാഴ്ച വൈകീട്ട് ആറു മുതല്‍ 12 മണിക്കൂര്‍ നേരം നാമജപയജ്ഞം നടത്താനും തീരുമാനിച്ചിട്ടുണ്ട്.
ഗുരുവായൂര്‍ ക്ഷേത്രം ഫെബ്രവരി 13 ഞായറാഴ്ച ബോംബു വച്ചു തകര്‍ക്കുമെന്ന് ചെന്നൈയില്‍ നിന്നും ഭീഷണിക്കത്തു ലഭിച്ച സാഹചര്യത്തിലാണ് ക്ഷേത്രസുരക്ഷ കര്‍ശനമാക്കുന്നത്.
മലയാളമാസം ഒന്നാം തീയതിയിലെ പതിവു ക്ഷേത്രദര്‍ശനത്തിനായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. കരുണാകരനും ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തും.












Click it and Unblock the Notifications