മുന്‍മന്ത്രി കൃഷ്ണന്‍ കണിയാംപറമ്പില്‍ അന്തരിച്ചു
തിരുവനന്തപുരം: മുന്‍മന്ത്രിയും സിപിഐ നേതാവുമായ കൃഷ്ണന്‍ കണിയാംപറമ്പില്‍ (56) അന്തരിച്ചു.
വന്‍കുടലില്‍ ക്യാന്‍സര്‍ബാധയെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു അദ്ദേഹം. ഫിബ്രവരി 12 ശനിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെ തിരുവനന്തപുരം ആര്‍സിസിയില്‍ വച്ചായിരുന്നു അന്ത്യം. മരണസമയത്ത് ഭാര്യ ലതികയും ഇളയമകന്‍ ലിന്‍സിനും സമീപത്തുണ്ടായിരുന്നു.
സിപിഐ ആസ്ഥാനമായ എം. എന്‍. സ്മാരകത്തില്‍ പൊതുദര്‍ശനത്തിന് വച്ച മൃതദേഹത്തില്‍ ആദരാഞ്ജലിയര്‍പ്പിക്കാന്‍ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ എത്തി. തൃശൂരിലെ വീട്ടുവളപ്പിലാണ് മൃതദേഹം സംസ്കരിക്കുന്നത്.
കഴിഞ്ഞ നായനാര്‍ മന്ത്രിസഭയില്‍ കൃഷിമന്ത്രിയായിരുന്നു കൃഷ്ണന്‍ കണിയാംപറമ്പില്‍. വി. കെ. രാജന്റെ നിര്യാണത്തെ തുടര്‍ന്ന് 1997 ജൂണ്‍ ഒമ്പതിനാണ് മന്ത്രിയായി സ്ഥാനമേറ്റത്. തുടര്‍ച്ചയായി മൂന്നുതവണ നാട്ടിക മണ്ഡലത്തില്‍ നിന്നും എംഎല്‍എ ആയി. സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗവും തൃശൂര്‍ ജില്ലാ സെക്രട്ടറിയുമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.












Click it and Unblock the Notifications