മിലിട്ടറി ക്വാട്ടയിലെ മദ്യം കഴിച്ച് രണ്ട് മരണം
കൊല്ലം: മിലിട്ടറി കാന്റീനില്‍ നിന്നു വാങ്ങിയ വിദേശമദ്യം കഴിച്ച് വിമുക്തഭടനുള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു.
കൊല്ലം കാവനാട് കന്നിമേല്‍ചേരി കൃഷ്ണകൃപയില്‍ രാധാകൃഷ്ണപിള്ള (50), രാധാകൃഷ്ണപിള്ളയുടെ ചേട്ടന്റെ മകന്‍ കാവനാട് കന്നിമേല്‍ വേളൂര്‍കിഴക്കതില്‍ ഉണ്ണിക്കൃഷ്ണപിള്ള (40) എന്നിവരാണ് മരിച്ചത്. ഫിബ്രവരി 13 ശനിയാഴ്ച വൈകിട്ട് എട്ടു മണിയോടെയാണ് മരണം സംഭവിച്ചത്. ഓള്‍ഡ് സ്മഗ്ളര്‍ 097 എന്ന ബ്രാന്‍ഡില്‍പ്പെട്ട റമ്മാണ് ഇരുവരും കഴിച്ചത്. റമ്മിന്റെ സാമ്പിള്‍ രാസപരിശോധനക്ക് അയച്ചിട്ടുണ്ട്.
വിമുക്തഭടനായ രാധാകൃഷ്ണപിള്ള ശനിയാഴ്ച തിരുവനന്തപുരം ആക്കുളം സൈനിക കാന്റീനില്‍നിന്നാണ് മദ്യം വാങ്ങിയത്. വൈകിട്ട് രാധാകൃഷ്ണപിള്ളയുടെ വീട്ടില്‍വച്ച് ഇരുവരും മദ്യം കഴിച്ചതതിന് ശേഷം ഉണ്ണിക്കൃഷ്ണപിള്ള വീട്ടിലേക്ക് മടങ്ങി.
സന്ധ്യയോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഉണ്ണിക്കൃഷ്ണപിള്ളയെ ബന്ധുക്കള്‍ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണമടയുകയായിരുന്നു. രാധാകൃഷ്ണപിള്ളയെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കെഎസ്എഫ്ഇയുടെ ശക്തികുളങ്ങര ബ്രാഞ്ച് ജീവനക്കാരനാണ് വിമുക്തഭടനായ രാധാകൃഷ്ണപിള്ള. മരിച്ച ഉണ്ണിക്കൃഷ്ണപിള്ള സ്വകാര്യബസ് കണ്ടക്ടറാണ്. പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications