കോണ്‍ഗ്രസില്‍ ചേരിപ്പോര് രൂക്ഷമാകുന്നു
കൊച്ചി: സംസ്ഥാനസര്‍ക്കാരിനും ഉമ്മന്‍ ചാണ്ടിക്കുമെതിരെ കരുണാകരന്‍ ശക്തമായ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയതോടെ പാര്‍ട്ടിയില്‍ ചേരിപ്പോര് ശക്തമാകുന്നു. പാര്‍ട്ടിക്കും സര്‍ക്കാരിനുമെതിരായി യുദ്ധപ്രഖ്യാപനം നടത്തിയിരിക്കുന്ന കരുണാകരനോടും കെ. മുരളീധരനോടും വിട്ടുവീഴ്ച ചെയ്യില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുന്നറിയിപ്പു നല്‍കി.
താന്‍ ആരുമായും ഏറ്റുമുട്ടലിനില്ലെന്നു വ്യക്തമാക്കിയ മുഖ്യമന്ത്രി ആന്റണിയുടെ കാലത്ത് കരുണാകരനും മുരളീധരനും എടുത്ത നിലപാട് ഇപ്പോഴും പിന്‍തുടരാന്‍ അനുവദിക്കില്ലെന്നും വ്യക്തമാക്കി. സംഘടനയെയും സര്‍ക്കാരിനെയും ഇല്ലാതാക്കും വിധമുള്ള പ്രവര്‍ത്തനങ്ങള്‍ അനുവദിക്കാന്‍ സാധ്യമല്ല.
ദേവസ്വം ബോര്‍ഡിലേക്കുള്ള നിയമനം പാര്‍ട്ടിയും യുഡിഎഫുമായി ആലോചിച്ചാണ് തീരുമാനിച്ചത്. വിരട്ടി കാര്യം നേടാമെന്ന് ആരും കരുതേണ്ടെതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോണ്‍ഗ്രസിലെ പുഴുക്കുത്തുകളെയും മാലിന്യങ്ങളെയും പുറംതള്ളിയാലെ പാര്‍ട്ടിയും സംസ്ഥാനവും രക്ഷപ്പെടുകയുള്ളൂവെന്ന് മുന്‍മുഖ്യമന്ത്രി എ കെ ആന്റണി അഭിപ്രായപ്പെട്ടു.
ഇതിനിടെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഏകാധിപത്യം ഒരു കാരണവശാലും അനുവദിക്കാനാവില്ലെന്നും അതിനെതിരെ ഏതറ്റം വരെ പോകുമെന്നും കെ. മുരളീധരന്‍ പറഞ്ഞു. തന്നെ പുറത്താക്കണമെന്ന രാജ്മോഹന്‍ ഉണ്ണിത്താന്റെ പ്രസ്താവനയെ തള്ളിക്കളഞ്ഞ മുരളീധരന്‍ കുടുംബക്കാര്‍ സംസാരിക്കുന്നിടത്ത് പുറമ്പോക്കുകാര്‍ക്ക് കാര്യമില്ലെന്നും അഭിപ്രായപ്പെട്ടു












Click it and Unblock the Notifications