നീലന്‍ കേസ്: പ്രതിഭാഗം വാദം പൂര്‍ത്തിയായി
തിരുവനന്തപുരം: നീലന്‍-നളിനി കേസിലെ പ്രതിഭാഗം വാദം ഫെബ്രവരി 14 തിങ്കളാഴ്ച പൂര്‍ത്തിയായി.
സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലല്ല കേസ് തയ്യാറാക്കിയിരിക്കുന്നതെന്ന് നീലന്റെ അഭിഭാഷകന്‍ വിജി ഗോവിന്ദന്‍ നായര്‍ കോടതിയില്‍ പറഞ്ഞു. കേസിനു പിന്നിലുള്ളത് ഗൂഢാലോചന മാത്രമാണ്.
ഗതാഗതമന്ത്രിയായിരുന്ന നീലലോഹിതദാസന്‍ നാടാര്‍ പീഡിപ്പിച്ചതായി നളിനി നെറ്റോ പോലീസില്‍ പരാതിപ്പെട്ടിട്ടില്ല. ഈ സംഭവത്തെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. അതിനിടയിലാണ് ചീഫ് സെക്രട്ടറി ഇക്കാര്യത്തെപ്പറ്റി അന്വേഷിക്കാന്‍ പോലീസിനോട് നിര്‍ദ്ദേശിച്ചത്.
സംഭവസ്ഥലത്തുണ്ടായിരുന്ന ആരില്‍നിന്നും തെളിവെടുക്കാതെ നളിനി നെറ്റോ ചൂണ്ടിക്കാട്ടിയവരില്‍നിന്നു മാത്രമാണ് പോലീസ് തെളിവെടുത്തത്. കോടതിയില്‍ ഹാജരായ പ്രോസിക്യൂഷന്‍ സാക്ഷികളാരും സംഭവസ്ഥലത്തുണ്ടായിരുന്നവരല്ല. സംഭവസ്ഥലത്ത് ഉണ്ടായിരുന്ന പ്രതിഭാഗം സാക്ഷികളാരും ഇങ്ങനെയൊരു സംഭവം നടന്നതായി പറഞ്ഞിട്ടില്ലെന്നും അഭിഭാഷകന്‍ ബോധിപ്പിച്ചു.
ഈ കേസിലെ നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് നളിനി നെറ്റോ നല്‍കിയ അപേക്ഷ ഫെബ്രവരി 21ന് പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി. ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി കേസില്‍ വാദം കേള്‍ക്കുന്നതിനെതിരെ സുപ്രീംകോടതിയില്‍ നളിനി നെറ്റോ പ്രത്യേകാനുമതി ഹര്‍ജി ഫയല്‍ചെയ്തിരിക്കുകയാണെന്ന് അവര്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ അറിയിച്ചെങ്കിലും സുപ്രീംകോടതി കേസ് സ്റേ ചെയ്തിട്ടില്ലാത്തതിനാല്‍ നടപടികള്‍ നിര്‍ത്തിവയ്ക്കാനാകില്ലെന്ന് ജുഡീഷ്യല്‍ ഫസ്റ്ക്ലാസ് മജിസ്ട്രേട്ട് ശ്രീകലാ സുരേഷ് പറഞ്ഞു.












Click it and Unblock the Notifications