സ്മാര്‍ട്ട് സിറ്റി: ഉറപ്പ് എഴുതിനല്‍കാന്‍ ആവശ്യപ്പെടും
തിരുവനന്തപുരം: കൊച്ചിയിലെ കാക്കനാട് തുടങ്ങാനിരിക്കുന്ന സ്മാര്‍ട്ട് സിറ്റി പദ്ധതി എത്ര തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നതിനെ സംബന്ധിച്ച ഉറപ്പ് എഴുതിനല്‍കാന്‍ സംസ്ഥാനസര്‍ക്കാര്‍ ദുബായ് ഇന്റര്‍നെറ്റ് സിറ്റി അധികൃതരോടാവശ്യപ്പെടും. ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്ന ചീഫ് സെക്രട്ടറി ബാബു ജേക്കബ്ബാണ് ഇക്കാര്യം അറിയിച്ചത്.
ഇന്റര്‍നെറ്റ് സിറ്റി അധികൃതരുമായി നടത്തുന്ന ചര്‍ച്ചകളില്‍ ഇപ്പോള്‍ സര്‍ക്കാര്‍ മുന്നോട്ടു വയ്ക്കുന്ന പ്രധാനകാര്യം തൊഴിലവസരങ്ങള്‍ ഉറപ്പു വരുത്തുകയാണെന്ന് ബാബു ജേക്കബ്ബ് പറഞ്ഞു.
പദ്ധതി 30,000 തൊഴിവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് അധികൃതരുടെ വാദം. അതിനു പകരമാണ് കൊച്ചിയില്‍ സ്മാര്‍ട്ട് സിറ്റിക്കായി 400 ഏക്കര്‍ ഭൂമി നല്‍കാമെന്ന് സര്‍ക്കാര്‍ പറഞ്ഞത്. ഇതില്‍ 100 ഏക്കര്‍ സൗജന്യമായും 200 ഏക്കര്‍ വില തിരിച്ച് ലഭിക്കാവുന്ന രീതിയിലുമാണ് നല്‍കുന്നത്. ഇപ്പോള്‍ ഇന്‍ഫോപാര്‍ക്ക് സ്ഥിതി ചെയ്യുന്ന 100 ഏക്കര്‍ സ്ഥലവും നല്‍കും. വാഗ്ദാനം ചെയ്ത തൊഴില്‍ അവസരങ്ങള്‍ നല്‍കാന്‍ കഴിയുന്നില്ലെങ്കില്‍ നഷ്ടപരിഹാരം നല്‍കാമെന്ന് ഇന്റര്‍നെറ്റ് സിറ്റി അധികൃതര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. നഷ്ടപരിഹാരം എത്രയായിരിക്കുന്നതു സംബന്ധിച്ച് ഇതുവരെ തീരുമാനമായിട്ടില്ല.
പദ്ധതിക്കാവശ്യമായ 1000 ഏക്കര്‍ ഭൂമിയും സൗജന്യമായാണ് സര്‍ക്കാര്‍ നല്‍കുകയെന്ന് ഇന്റര്‍നെറ്റ് അധികൃതര്‍ക്കു തെറ്റിദ്ധാരണയുണ്ടായിരുന്നതായും തങ്ങളുടെ നിലപാട് സര്‍ക്കാര്‍ അവരെ അറിയിച്ചുവെന്നും ബാബു ജേക്കബ്ബ് പറഞ്ഞു.
ഫെബ്രുവരി 20ന് സ്മാര്‍ട്ട് സിറ്റി അധികൃതരുമായി വീണ്ടും സര്‍ക്കാര്‍ ചര്‍ച്ച നടത്തുമെന്നും സ്മാര്‍ട്ട് സിറ്റിയുടെ പ്രവര്‍ത്തനത്തില്‍ സര്‍ക്കാരിന് യാതൊരു നിയന്ത്രണങ്ങളുമുണ്ടായിരിക്കില്ലെന്നും അദ്ദേഹം അറിയിച്ചു.












Click it and Unblock the Notifications