കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു
ദില്ലി: കേരള കോണ്‍ഗ്രസ് ഘടകത്തിലെ സംംഘടനാ പ്രശ്നത്തെക്കുറിച്ച് ഹൈക്കമാന്‍ഡ് കെപിസിസിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഐ ഗ്രൂപ്പുകാര്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങളെ കുറിച്ച് സംസ്ഥാന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഹൈക്കമാന്‍ഡിനെ ധരിപ്പിച്ചതിന്റെ പശ്ചാത്തലത്തിലാണിത്. കെപിസിസി നിര്‍ദേശിക്കാതെ കെ കരുണാകരനെതിരെയും ഐ ഗ്രൂപ്പിനെതിരെയും നടപടിയെടുക്കാനാവില്ലെന്ന് ഹൈക്കമാന്‍ഡ് ഉമ്മന്‍ചാണ്ടിയെ അറിയിച്ചിട്ടുണ്ട്.
കോണ്‍ഗ്രസിനകത്തു പൊതുവായുള്ള സംഘടനാ പ്രശ്നങ്ങളെ കുറിച്ചാണ് ഹൈക്കമാന്‍ഡ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി അഹമ്മദ് പട്ടേല്‍ അറിയിച്ചു. ഇക്കാര്യത്തില്‍ മുന്‍മുഖ്യമന്ത്രി എകെ ആന്റണിയുടെ അഭിപ്രായം ആരാഞ്ഞു മാത്രമെ തീരുമാനമെടുക്കുകയുള്ളുവെന്നും പട്ടേല്‍ വ്യക്തമാക്കി. സ്ഥാനമാനങ്ങള്‍ നല്‍കി ഒത്തുതീര്‍പ്പുണ്ടാക്കണമെന്ന് ഇപ്പോള്‍ ഒരു ഗ്രൂപ്പില്‍ നിന്നും നിര്‍ദേശമുണ്ടായിട്ടില്ലെന്നും ഉണ്ടായാല്‍ ഇതെക്കുറിച്ചാലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ പ്രശ്നങ്ങള്‍ സംബന്ധിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി പ്രവര്‍ത്തക സമിതിയംഗം രമേശ് ചെന്നിത്തലയുടെ അഭിപ്രായം ആരാഞ്ഞിരുന്നു. തുടര്‍ന്ന് ഉമ്മന്‍ചാണ്ടിയുമായും രമേശ് ചെന്നിത്തല ചര്‍ച്ച നടത്തി. ഉമ്മന്‍ചാണ്ടിയുമായി അഹമ്മദ് പട്ടേല്‍ നടത്തിയ ചര്‍ച്ചയിലാണ് ഹൈക്കാമാന്‍ഡ് തീരുമാനം അറിയിച്ചത്.












Click it and Unblock the Notifications