ഭിന്നത തീര്‍ക്കാന്‍ മാര്‍ഗം വോട്ടെടുപ്പല്ല: കാരാട്ട്
മലപ്പുറം: പാര്‍ട്ടിക്കുള്ളിലെ ഭിന്നത പരിഹരിക്കേണ്ടത് ചര്‍ച്ചകളിലൂടെയാണെന്നും അതിനുള്ള മാര്‍ഗം വോട്ടെടുപ്പല്ലെന്നും സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പാര്‍ട്ടി സംസ്ഥാന സമ്മേളനത്തില്‍ പ്രതിനിധികളെ അഭിമുഖീകരിച്ച് നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു.
കേരളത്തിലെ സിപിഎമ്മിലെ ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള പോര് സംസ്ഥാന സമ്മേളനത്തില്‍ ഒരു പൊട്ടിത്തെറിയിലേക്ക് നീങ്ങുമെന്ന് വ്യക്തമായിരിക്കുന്ന സാഹചര്യത്തിലാണ് പ്രകാശ് കാരാട്ട് അത് ഒഴിവാക്കണമെന്ന സൂചന നല്‍കിയത്.
മത്സരമുണ്ടായാലും പാര്‍ട്ടിയില്‍ ഐക്യമുണ്ടാവണം. സിപിഎമ്മില്‍ ഇതിനുമുമ്പും ഭിന്നതകള്‍ ചര്‍ച്ച ചെയ്ത് പരിഹരിച്ചിട്ടുണ്ട്- കേരളത്തിലെ ഗ്രൂപ്പ് പോരിനെ സൂചിപ്പിച്ചുകൊണ്ട് കാരാട്ട് പറഞ്ഞു.
പാര്‍ട്ടി ചര്‍ച്ച ചെയ്തവസാനിപ്പിച്ച വിഷയങ്ങള്‍ വീണ്ടും സമ്മേളനത്തില്‍ ചര്‍ച്ചാവിഷയമാവുന്നത് സംഘടനാരീതിയല്ലെന്നും കാരാട്ട് പറഞ്ഞു. വി. എസ് പക്ഷം പിണറായി പക്ഷത്തിനെതിരെ ആഞ്ഞടിക്കാന്‍ ഉപയോഗിക്കുന്ന നാലാം ലോക സിദ്ധാന്തം, ജനകീയാസൂത്രണം തുടങ്ങിയ വിഷയങ്ങളെ കുറിച്ചാണ് പരോക്ഷമായി കാരാട്ട് ഇങ്ങനെ സൂചിപ്പിച്ചത്.
നാലാം ലോക സിദ്ധാന്തം പോലുള്ള സൈദ്ധാന്തിക വിഷയങ്ങള്‍ സംസ്ഥാന സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യേണ്ടതല്ലെന്നും സൈദ്ധാന്തിക പ്രശ്നങ്ങളില്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കേണ്ടത് പാര്‍ട്ടി കോണ്‍ഗ്രസാണെന്നും കാരാട്ട് പറഞ്ഞു.
നാലാം ലോക സിദ്ധാന്തം, ജനകീയാസൂത്രണം എന്നീ പ്രശ്നങ്ങള്‍ സമ്മേളനത്തില്‍ ഉന്നയിക്കാന്‍ തയ്യാറെടുത്തിരിക്കുന്ന വി. എസ് പക്ഷത്തിന് ഒരു മുന്നറിയിപ്പെന്ന നിലയിലാണ് കാരാട്ട് ഇങ്ങനെ പറഞ്ഞത്.
എന്നാല്‍ ഇക്കാര്യങ്ങള്‍ ഉന്നയിക്കുന്നതില്‍ നിന്നും വി. എസ് പക്ഷം പിന്നോട്ടുപോവാനിടയില്ല. ഇക്കാര്യത്തില്‍ കാരാട്ടിന്റെ നിര്‍ദേശങ്ങള്‍ അവര്‍ അവഗണിക്കാനാണ് സാധ്യത.












Click it and Unblock the Notifications