ഹിമപാതം: കശ്മീരില്‍ 116 പേര്‍ മരിച്ചു
ശ്രീനഗര്‍: 32 മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തതോടെ ജമ്മു-കശ്മീരിലെ ഹിമപാതത്തില്‍ മരിച്ചവരുടെ എണ്ണം 116 ആയി. അനന്തനാഗ് ജില്ലയില്‍ മഞ്ഞിനടിയില്‍ പെട്ട 74 പേരെ രക്ഷിച്ചതായി പൊലീസ് അറിയിച്ചു. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. മഞ്ഞിനടിയില്‍ നിന്നും 20 പേരെ കഴിഞ്ഞ ദിവസം രക്ഷപ്പെടുത്തിയിരുന്നു.
ചിറ്റ്നാര്‍, നാഗി എന്നിവിടങ്ങളില്‍ നിന്നും 22 മൃതദേഹങ്ങള്‍ കണ്ടെടുത്തു.
ഹിമപാതത്തില്‍ പെട്ട 50ളം ആളുകളെ പറ്റി ഇപ്പോഴും വിവരമൊന്നുമില്ലാത്തതിനാല്‍ മരണസംഖ്യ ഇനിയുമുയരാനാണ് സാധ്യത. മഞ്ഞിനടിയില്‍ കൂടുതല്‍ പേര്‍ കുടുങ്ങിയിട്ടുണ്ടോയെന്നും അറിവായിട്ടില്ല.
പിര്‍ പഞ്ചാല്‍ ഭാഗത്തുള്ള ഗ്രാമങ്ങളെയാണ് ഹിമപാതം കൂടുതലായും ബാധിച്ചത്. ശ്രീനഗര്‍, അനന്തനാഗ് ഭാഗങ്ങളില്‍ ഹിമപാതം അല്‍പം കുറവുണ്ടായതു കാരണം രക്ഷാപ്രവര്‍ത്തനങ്ങള്‍ തടസം കൂടാതെ നടന്നുവരുന്നുണ്ട്.
ജനങ്ങള്‍ക്കാവശ്യമുള്ള ഭക്ഷണസാധനങ്ങളുമായി വ്യോമസേനാ വിമാനങ്ങള്‍ കാശ്മീരിലേക്കു സര്‍വീസ് നടത്തുന്നുണ്ട്. ഹിമപാതം മൂലം റോഡുകള്‍ അടച്ചിട്ടിരിക്കുന്നതിനാല്‍ വിമാനമാര്‍ഗം മാത്രമെ ജനങ്ങള്‍ക്ക് സഹായമെത്തിക്കാന്‍ സാധിക്കുന്നുള്ളൂയെന്ന സ്ഥിതിയാണ്. ഹിമപാതം കുറഞ്ഞതിനാല്‍ കശ്മീര്‍ വിമാനത്താവളത്തില്‍ നിന്നും സര്‍വീസുകള്‍ പുനരാരംഭിച്ചു.
കുപ്വാര, ബാരാമുള്ള എന്നിവിടങ്ങളില്‍ ആശുപത്രികളിലേക്കുള്ള വൈദ്യുതി, കുടിവെളളവിതരണം പുനസ്ഥാപിച്ചു.
മഞ്ഞുവീഴ്ച മൂലം ശ്രീനഗര്‍ ദേശീയപാതയിലെ ജവഹര്‍ ടണലില്‍ കുടുങ്ങിക്കിടക്കുകയായിരുന്ന 51 ഇന്തോ-ടിബറ്റന്‍ അതിര്‍ത്തി സേനാംഗങ്ങളെ രക്ഷപ്പെടുത്തി. ഇനിയും 200ളം പേര്‍ ഇതിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
കശ്മീരില്‍ ജനജീവിതം സാധാരണനിലയിലേക്കു മടങ്ങിവരാന്‍ ഇനിയും ദിവസങ്ങളെടുത്തേക്കും.












Click it and Unblock the Notifications