അട്ടിമറിക്കപ്പെട്ടത് വി.എസിന്റെ ആത്മവിശ്വാസം
മലപ്പുറം: മേല്‍ക്കോയ്മ തനിക്കുതന്നെയെന്ന വി. എസ്. അച്യുതാനന്ദന്റെ കണക്കുകൂട്ടലുകളാണ് സിപിഎം സംസ്ഥാന കമ്മിറ്റിയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ അട്ടിമറിക്കപ്പെട്ടത്. തന്റെ കണക്കുകൂട്ടലുകള്‍ക്കപ്പുറം ചിലതൊക്കെ സംഭവിച്ചുകഴിഞ്ഞുവെന്ന് അദ്ദേഹത്തിന് തിരിച്ചറിയാനായത് വോട്ടെണ്ണല്‍ ഫലം പുറത്തുവന്നപ്പോള്‍ മാത്രമാണ്.
വിജയം ഉറപ്പാണെന്ന കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തിലാണ് ഔദ്യോഗിക പാനലിനെതിരെ വി. എസ് പക്ഷം മത്സരിക്കാന്‍ തയ്യാറായത്. വി. എസ് പക്ഷത്തിന്റെ വിമര്‍ശനങ്ങള്‍ ഏറ്റവും കൂടുതല്‍ ഏറ്റുവാങ്ങിയ പി. ശശിയെ ഒഴിവാക്കി ഔദ്യോഗിക പാനല്‍ അവതരിപ്പിക്കപ്പെട്ടിട്ടും മത്സരത്തിന് വി. എസ് തയ്യാറായത് ഈ ആത്മവിശ്വാസത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. എന്നാല്‍ തന്റെ കൂടെ നില്‍ക്കുന്നുവെന്ന് കരുതിയ പലരും മറുകണ്ടം ചാടി എന്ന് വി. എസ് മനസിലാക്കിയത് വോട്ടെണ്ണല്‍ കഴിഞ്ഞപ്പോഴാണ്.
ഔദ്യോഗിക പാനലിനെതിരെ മത്സരിക്കാതിരുന്നുവെങ്കില്‍ വി. എസിന്റെ ഹിറ്റ് ലിസ്റില്‍ പെട്ട പി. ശശിയെയെങ്കിലും കമ്മിറ്റിയില്‍ നിന്ന് പുറത്താക്കാമായിരുന്നു. അതു വഴി തന്റെ ചില വിമര്‍ശനങ്ങളെ ഔദ്യോഗിക നേതൃത്വം അംഗീകരിച്ചുവെന്നും വി. എസ്സിന് വരുത്തിത്തീര്‍ക്കാമായിരുന്നു. എന്നാല്‍ ഔദ്യോഗിക പാനലിനെതിരെ മത്സരിക്കാന്‍ തയ്യാറായതോടെ ശശിയെ വീണ്ടും കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. വി. എസ് പക്ഷത്തെ എല്ലാവരും വോട്ടെടുപ്പില്‍ തോല്‍ക്കുകയും ചെയ്തു.
പാലക്കാട് ജില്ലാ സമ്മേളനത്തില്‍ ഔദ്യോഗിക പാനലിനെതിരെ മത്സരിച്ച് എട്ട് സിഐടിയു പക്ഷക്കാരെ തോല്പിച്ച വി. എസ്സിന് ആ ശക്തിപ്രകടനം മലപ്പുറത്ത് ആവര്‍ത്തിക്കാനായില്ല. അതിന് പ്രധാനമായും കാരണമായത് വി. എസിന്റെ കണക്കുകൂട്ടലുകളിലെ പിഴവും ഔദ്യോഗികപക്ഷത്തിന്റെ തന്ത്രജ്ഞതയുമാണ്.
മുമ്പ് സിഐടിയു പക്ഷത്തിന്റെ ശത്രുവായിരുന്ന വി. എസ് അവരുമായി തന്ത്രപരമായി കൂട്ടുകൂടിയപ്പോള്‍ പ്രതീക്ഷിച്ചതുപോലുള്ള വിജയമല്ല ഉണ്ടായത്. സിഐടിയു പക്ഷത്തെ ഭൂരുിഭാഗം പേരും വി. എസ്സിനെ തുണച്ചില്ലയെന്നത് മത്സരഫലം വ്യക്തമാക്കുന്നു. സിഐടിയു നേതാക്കളായ കെ. പത്മലോചനന്‍, കെ. ഒ. ഹബീബ് എന്നിവര്‍ തോറ്റത് അതിന് തെളിവാണ്. അതേ സമയം പാലക്കാട് സമ്മേളനത്തില്‍ വി. എസ്സിന്റെ വെട്ടിനിരത്തലിന് ഇരയായ എം. എം. ലോറന്‍സ് ഇത്തവണ സംസ്ഥാന കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
ജില്ലാ സമ്മേളനങ്ങള്‍ കഴിഞ്ഞപ്പോള്‍ വി. എസ് പക്ഷത്തിനാണ് മേല്‍ക്കോയ്മ എന്നായിരുന്നു പൊതുവെയുള്ള ധാരണ. 10 ജില്ലകളിലെങ്കിലും വി. എസ് മേധാവിത്തം തെളിയിച്ചുവെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍ ആ വിലയിരുത്തലുകളെ അട്ടിമറിക്കുകയാണ് പിണറായി പക്ഷം ചെയ്തത്. വി. എസ് പക്ഷത്തെ പലരെയും തന്ത്രപരമായ സ്വാധീനിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. സിഐടിയു പക്ഷത്തെ വരുതിയിലാക്കിയ ഔദ്യോഗിക പക്ഷത്തിന്റെ ചരടുവലികള്‍ ഫലം കണ്ടു.
പാര്‍ട്ടിയില്‍ വി. എസിന് ഇനി നല്ല നാളുകളാവില്ല. വിമതകുപ്പായം അദ്ദേഹത്തിന് വിനയാവാനാണ് സാധ്യത. ഔദ്യോഗികപക്ഷത്തിന്റെ ശക്തി തെളിയിക്കപ്പെട്ടതോടെ അദ്ദേഹത്തിനെതിരെ കൂടുതല്‍ ശക്തമായ നീക്കങ്ങളുണ്ടാവാണ് സാധ്യത. അടുത്ത മുഖ്യമന്ത്രിയാവാന്‍ കാത്തിരിക്കുന്ന വി. എസ്സിന്റെ പ്രതീക്ഷകള്‍ പൂവണിയുമോ എന്ന് ഇനി തീരുമാനിക്കേണ്ടത് ഔദ്യോഗിക പക്ഷമാണ്.












Click it and Unblock the Notifications