ഇന്ത്യ എല്ലാവര്‍ക്കുമായി തിളങ്ങണം:രാഷ്ട്രപതി
ദില്ലി: ഇന്ത്യ എല്ലാ നിലയിലും എല്ലാവര്‍ക്കുമായി തിളങ്ങണമെന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍കലാം വ്യക്തമാക്കി. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തില്‍ നയപ്രഖ്യാപന പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. മതേതരത്വം പുനസ്ഥാപിക്കാനായെന്നതാണ് മന്‍മോഹന്‍സിംഗിന്റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരിന്റെ പ്രധാന നേട്ടമെന്നും രാഷ്ട്രപതി പറഞ്ഞു.
പിന്നോക്കമേഖലയിലെ ജനങ്ങളുടെ അഭിവൃദ്ധിക്കായി സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കും. സാധനങ്ങളുടെ വിലവര്‍ദ്ധനവ് പിടിച്ചുനിര്‍ത്താന്‍ ശ്രമിക്കും. നല്ലൊരു ഭരണമാതൃകയുണ്ടാക്കുവാനും സര്‍ക്കാര്‍ ശ്രമിക്കും. മുന്നണിയുടെ പൊതുമിനിമം പരിപാടിയില്‍ നിന്ന് വ്യതിചലിക്കാതെയുള്ള പദ്ധതികളാവും സര്‍ക്കാര്‍ നടപ്പാക്കുക.
കാര്‍ഷിക മേഖലയുടെ വികസനം, ഗ്രാമീണ ഇന്ത്യയുടെ മുഖംമാറ്റല്‍ എന്നിവയ്ക്കാണ് സര്‍ക്കാര്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. കര്‍ഷകര്‍ക്ക് കൂടുതല്‍ വായ്പകള്‍ ലഭ്യമാക്കാനുള്ള പദ്ധതികള്‍ ആവിഷ്ക്കരിച്ച് നടപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു. ഗ്രാമീണ ഇന്ത്യയുടെ അടിസ്ഥാന മേഖലാ വികസനത്തിന് കമ്മിഷന്‍ രൂപീകരിക്കും.
സുനാമി ദുരന്തം രാജ്യത്തുണ്ടാക്കിയ നഷ്ടങ്ങളെ പരാമര്‍ശിച്ചാണ് രാഷ്ട്രപതി നയപ്രഖ്യാപന പ്രസംഗം തുടങ്ങിയത്. പ്രതീക്ഷയും ദുഖവും ഒരുപോലെ നല്‍കുന്ന തുടക്കമാണ് ഈ വര്‍ഷം നല്‍കിയത്. കശ്മീരിലെ കനത്ത ഹിമപാതം ഉണ്ടാക്കിയ ദുരന്തത്തെയും കലാം പ്രസംഗത്തില്‍ പരാമര്‍ശിച്ചു.












Click it and Unblock the Notifications