ആയുധങ്ങളുമായി യുവാക്കള്‍ പിടിയില്‍
കൊല്ലം:വാഹനപരിശോധനയ്ക്കിടെ പോലീസിനെ വെട്ടിച്ചുകടന്ന കാറില്‍ നിന്ന് ആയുധങ്ങളും സ്ഫോടകവസ്തുക്കളും പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് കാറിലുണ്ടായിരുന്ന രണ്ട് യുവാക്കളെ വെസ്റ് പോലീസ് അറസ്റ് ചെയ്തു. മറ്റു മൂന്നുപേര്‍ ഓടി രക്ഷപ്പെട്ടു. പിടിയിലായ യുവാക്കള്‍ പൂന്തുറ, വള്ളക്കടവ് പോലീസ് സ്റേഷനുകളിലെ ക്രിമിനല്‍ പട്ടികയിലുള്ളവരാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.
വള്ളക്കടവ് വലിയതോപ്പ് പോര്‍ട്ട് വില്ലേജില്‍ ബിജു, വിജി എന്നിവരാണ് പിടിയിലായത്. ഇവര്‍ സഞ്ചരിച്ചിരുന്ന കറുത്ത ടാറ്റാ ഇന്‍ഡിക്ക കാറിലെ ഡിക്കിയില്‍ നിന്ന് രണ്ട് വാളുകള്‍, വെട്ടുകത്തി, കമ്പിവടി, രണ്ട് നാടന്‍ ബോംബുകള്‍ എന്നിവ കണ്ടെടുത്തു.
ഫെബ്രവരി 24 വ്യാഴാഴ്ച ഉച്ചയ്ക്ക് 12 ന് സബ് ജയിലിനു മുന്നില്‍ വാഹനപരിശോധന നടത്തിയിരുന്ന വെസ്റ് പോലീസ് സംഘം അമിതവേഗത്തില്‍ പാഞ്ഞുവന്ന കാറിന് കൈകാണിച്ചെങ്കിലും നിര്‍ത്തിയില്ല. പോലീസ് സംഘം പിന്തുടര്‍ന്നപ്പോഴേയ്ക്കും ഗതാഗതക്കുരുക്കില്‍പ്പെട്ട് വണ്ടി കുറച്ചകലെ മാറ്റി നിര്‍ത്തേണ്ടി വന്നു. പോലീസിനെ കണ്ട് കാറിലുണ്ടായിരുന്ന മൂന്ന് യുവാക്കള്‍ ഓടി രക്ഷപ്പെട്ടു. വണ്ടി പരിശോധിച്ചപ്പോഴാണ് സ്ഫോടകവസ്തുക്കളും ആയുങ്ങളും കണ്ടെത്തിയത്.
തിരുവനന്തപുരം വിമാനത്താവളത്തിലെ കാര്‍ഗോയില്‍ നിന്ന് സാധനങ്ങള്‍ എടുത്ത് എറണാകുളത്ത് എത്തിച്ചശേഷം തിരികെ വരികയായിരുന്നുവെന്ന് ചോദ്യം ചെയ്യലില്‍ യുവാക്കള്‍ പറഞ്ഞു. വള്ളക്കടവ് ഭാഗത്ത് ഇവരുടെ എതിര്‍സംഘത്തിലുള്ളവര്‍ ആക്രമിക്കുമെന്ന് ഭയന്ന് ആയുധങ്ങള്‍ ഒപ്പം കരുതുകയായിരുന്നുവെന്നാണ് ഇവര്‍ പോലീസിന് മൊഴിനല്‍കിയത്.
കൂടുതല്‍ വിവരങ്ങള്‍ക്കായി പൊലീസ് ഇവരെ ചോദ്യം ചെയ്തു വരികയാണ്.












Click it and Unblock the Notifications