കേന്ദ്രത്തിനുള്ള പിന്തുണ തത്വത്തില്‍ പിന്‍വലിച്ചു: പങ്കജാക്ഷന്‍
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിനുള്ള പിന്തുണ തത്വത്തില്‍ പിന്‍വലിച്ചതായി ആര്‍എസ്പി ദേശീയ ജനറല്‍ സെക്രട്ടറി കെ പങ്കജാക്ഷന്‍ പറഞ്ഞു. ഇടതുകക്ഷികളുമായി ആലോചിച്ച ശേഷം മാത്രമെ പിന്തുണ പിന്‍വലിക്കുന്ന കാര്യത്തില്‍ പൂര്‍ണതീരുമാനമെടുക്കുകയുള്ളൂ. പൊതുമിനിമം പരിപാടിയില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ വ്യതിചലിക്കുകയാണെന്നും പങ്കജാക്ഷന്‍ കുറ്റപ്പെടുത്തി.
ആര്‍എസ്പി വിട്ടുപോയ സാധാരണപ്രവര്‍ത്തകരെ തിരിച്ചെടുക്കാന്‍ തയ്യാറാണ്. എന്നാല്‍ പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടാക്കാന്‍ നോക്കിയവരെ ഒരു കാരണവശാലും തിരിച്ചെടുക്കില്ല. അവരാരെല്ലാമാണെന്ന് അവര്‍ക്കു തന്നെ അറിയാം. കേരളാകോണ്‍ഗ്രസ് ബി, കേരളാകോണ്‍ഗ്രസ് ജെ തുടങ്ങിയ പാര്‍ട്ടികള്‍ ഇടതുമുന്നണിയില്‍ വരുന്നതിനോട് അഭിപ്രായമില്ല.
ഇടതുമുന്നണിയിലെ പ്രധാനപാര്‍ട്ടിയാണ് സിപിഎം. എന്നാല്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കില്‍ ആര്‍എസ്പി തുറന്നു പറയും. എല്ലാ കക്ഷികളോടും തുല്യമായിട്ടാണ് സിപിഎം പെരുമാറുന്നതെന്നു പറയാനാവില്ല. സിപിഐ ലയനത്തിനാവശ്യപ്പെടുമ്പോള്‍ തെറ്റുതിരുത്തി വരാനാണ് സിപിഎം പറയുന്നത്. ഏതു തെറ്റാണ് തിരുത്തേണ്ടതെന്നു മാത്രം പറയുന്നില്ല.
സിപിഐയോട് ഇതാണ് സമീപനമെങ്കില്‍ ആര്‍എസ്പിയോട് തുല്യത കാട്ടുമെന്നു പറയാനാവില്ലെന്നും പങ്കജാക്ഷന്‍ പറഞ്ഞു. പ്രാദേശിക പാര്‍ട്ടികളുമായി ചേര്‍ന്ന് മൂന്നാംമുന്നണിയുണ്ടാക്കാന്‍ സിപിഎം തയ്യറാകണമെന്നും പങ്കജാക്ഷന്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications