കോണ്‍ഗ്രസിന് പിന്തുണ നല്‍കാം: പാസ്വാന്‍
ദില്ലി: ബീഹാറിലെ സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച അനിശ്ചിതത്വം നിലനില്‍ക്കവെ ലോക്ജനശക്തി പാര്‍ട്ടി രാം വിലാസ് പാസ്വാന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയുമായി ചര്‍ച്ച നടത്തി.
കോണ്‍ഗ്രസും ലോക്ജനശക്തിയും ജനതാദളും (യുനൈറ്റഡ്) ബിജെപി, ആര്‍ജെഡി വിരുദ്ധ കക്ഷികളും ചേര്‍ന്ന് ബീഹാറില്‍ സര്‍ക്കാര്‍ രൂപീകരിക്കാമെന്ന നിര്‍ദേശം പാസ്വാന്‍ മുന്നോട്ടുവച്ചു. ന്യൂനപക്ഷത്തില്‍ നിന്നുള്ള ഒരു കോണ്‍ഗ്രസ് മുഖ്യമന്ത്രിയായിരിക്കണം സര്‍ക്കാരിനെ നയിക്കേണ്ടതെന്നും പാസ്വാന്‍ നിര്‍ദേശിച്ചു. ഈ ഫോര്‍മുല പ്രായോഗികമല്ലെങ്കില്‍ ചുരുങ്ങിയ കാലത്തേക്ക് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുന്നതായിരിക്കും നല്ലതെന്നും പാസ്വാന്‍ വ്യക്തമാക്കി.
ഒരു മതേതര സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ജെഡി (യു) എന്‍ഡിഎയില്‍ നിന്നും പുറത്തുവരണം. ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് ജെഡി (യു) ആണ്. മുഖ്യമന്ത്രിയാവാന്‍ താനില്ലെന്നും പാസ്വാന്‍ വ്യക്തമാക്കി.
ആര്‍ജെഡിയില്‍ നിന്നുള്ള മുസ്ലിം മുഖ്യമന്ത്രിയെ പിന്തുണക്കുന്ന പ്രശ്നമില്ല. ജനവിധി ആര്‍ജെഡിക്ക് എതിരായതിനാല്‍ ആര്‍ജെഡിയെ പിന്തുണക്കില്ല- പാസ്വാന്‍ പറഞ്ഞു.
സോണിയയുമായി ചര്‍ച്ച നടത്തുന്നതിന് മുമ്പ് കോണ്‍ഗ്രസ് നേതാക്കളായ അഹമ്മദ് പട്ടേല്‍, അര്‍ജുന്‍സിംഗ് എന്നിവരുമായി പാസ്വാന്‍ കൂടിക്കാഴ്ച നടത്തി.












Click it and Unblock the Notifications