പാര്‍ട്ടി വിടുമെന്ന സൂചനയുമായി മുരളി
മലപ്പുറം: മുഖ്യമന്ത്രിയുമായും കോണ്‍ഗ്രസ് നേതൃത്വവുമായും ഇടഞ്ഞുനില്‍ക്കുന്ന ഐ ഗ്രൂപ്പ് പാര്‍ട്ടി വിടുമെന്ന് കെ. മുരളീധരന്‍ സൂചന നല്‍കുന്നു.
ഇനി ഐ ഗ്രൂപ്പ് റാലികള്‍ നടക്കില്ലെന്നും പാര്‍ട്ടി റാലികള്‍ മാത്രമാണ് നടക്കുകയെന്നും മലപ്പുറത്തു നടന്ന ഐ ഗ്രൂപ്പ് കണ്‍വെന്‍ഷനില്‍ മുരളി പറഞ്ഞത് ഐ ഗ്രൂപ്പ് പാര്‍ട്ടിവിടുമെന്ന സൂചനയാണ് നല്‍കുന്നത്. ഇനി ഗ്രൂപ്പ് റാലികളില്ല എന്ന് അദ്ദേഹം ആവര്‍ത്തിക്കുമ്പോള്‍ ഐ ഗ്രൂപ്പിന്റെ നീക്കം ഏത് ദിശയിലേക്കാണെന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയനിരീക്ഷകര്‍.
ഐ ഗ്രൂപ്പ് പാര്‍ട്ടി വിട്ട് എല്‍ഡിഎഫില്‍ ചേരുന്നതു സംബന്ധിച്ച് ചര്‍ച്ചകളൊന്നും നടന്നുവരുന്നതായി അറിവില്ല. എന്നാല്‍ ഗ്രൂപ്പായി ഇനി നിലനില്‍ക്കില്ലെന്ന് മുരളി പറയുമ്പോള്‍ അത് പിളര്‍പ്പിനെ കുറിച്ചുള്ള വ്യക്തമായ സൂചനയാണ്. പഞ്ചായത്ത്, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ വരാനിരിക്കുന്ന സാഹചര്യത്തില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോയതിന് ശേഷം എല്‍ഡിഎഫുമായി ചേര്‍ന്ന് ഭരണസ്ഥാനങ്ങളിലെത്താമെന്നതാണ് മുരളിയുടെ കണക്കുകൂട്ടലുണ്ടെന്ന് സൂചനയുണ്ട്.
എന്നാല്‍ പാര്‍ട്ടി വിടുന്നതിനോട് ഐ ഗ്രൂപ്പിലെ വലിയൊരു വിഭാഗം പേര്‍ക്കും യോജിപ്പില്ല. പാര്‍ട്ടി വിടുന്നത് ആത്മഹത്യാപരമായിരിക്കുമെന്നാണ് സുധാകരന്‍ വിഭാഗമുള്‍പ്പെടെയുള്ളവര്‍ കരുതുന്നത്. ഈ സാഹചര്യത്തില്‍ ഒരു സമ്മര്‍ദതന്ത്രമെന്ന നിലയിലും വിലപേശലെന്ന നിലയിലുമാണ് മുരളി പാര്‍ട്ടി വിടുമെന്ന് മുന്നറിയിപ്പ് നല്‍കുന്നതെന്നും കരുതാം.












Click it and Unblock the Notifications