തെന്നല ഇന്ന് ഹൈക്കമാന്റിന് റിപ്പോര്‍ട്ട് നല്‍കും
ദില്ലി: കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ അടുത്തകാലത്തുണ്ടായ ഗ്രൂപ്പ് പ്രശ്നങ്ങള്‍ സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് കെപിസിസി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ള മാര്‍ച്ച് രണ്ട് ബുധനാഴ്ച ഹൈക്കമാന്റിനു സമര്‍പ്പിക്കും.
കേരളത്തിന്റെ ചുമതലയുള്ള എഐസിസി അംഗം അഹമ്മദ് പട്ടേല്‍ സംസ്ഥാനങ്ങളിലെ മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകളെ തുടര്‍ന്ന് തിരക്കിലായതിനാല്‍ മാര്‍ച്ച് ഒന്ന് ചൊവ്വാഴ്ച ദില്ലിയിലെത്തിയ തെന്നലക്ക് അഹമ്മദ് പട്ടേലിനെ കാണാന്‍ സാധിച്ചില്ല. മാര്‍ച്ച് രണ്ട് ബുധനാഴ്ച കാണാമെന്ന് പട്ടേല്‍ തെന്നലയെ അറിയിച്ചിട്ടുണ്ട്. കെ കരുണാകരനും മുരളീധരനും നടത്തിയ പ്രസ്താവനകളുടെ വിശദമായ തെളിവുകളടങ്ങുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ഹൈക്കമാന്റ് തുടര്‍നടപടികളിലേക്കു കടക്കുന്നത്.
കരുണാകരവിഭാഗം സിപിഎമ്മുമായി കൂടിയാലോചന തുടങ്ങിയിട്ടുണ്ടെന്ന വിവരം ഹൈക്കമാന്റിനു ലഭിച്ചിട്ടുള്ളതിനാല്‍ ഇതു സംബന്ധിച്ചും തെന്നലയുമായുള്ള കൂടിക്കാഴ്ചയില്‍ അഹമ്മദ് പട്ടേല്‍ ചര്‍ച്ച ചെയ്യും.
ഇതിനിടെ, കോണ്‍ഗ്രസ് പ്രസ്ഥാനം കൊണ്ട് സ്വന്തം കുടുംബത്തിന് ഏറ്റവും കൂടുതല്‍ പ്രയോജനമുണ്ടാക്കിയ കെ കരുണാകരന്‍ എന്തു ലഭിച്ചാലാണ് മേഖലാറാലികളില്‍ നിന്നു പിന്‍മാറുകയെന്ന് വ്യക്തമാക്കണമെന്ന് കെപിസിസി വൈസ്പ്രസിഡന്റ് എ സി ജോസ് ആവശ്യപ്പെട്ടു. കരുണാകരന്‍ കുറേ നാളായി കോണ്‍ഗ്രസ് പാര്‍ട്ടിയെയിട്ട് അമ്മാനമാടുകയാണെന്നും അദ്ദേഹം ആരോപിച്ചു. തുടര്‍ച്ചയായ പാര്‍ട്ടി വിരുദ്ധപ്രവര്‍ത്തനം നടത്തിയിട്ടും കരുണാകരന്‍ അച്ചടക്കനടപടികളില്‍ നിന്ന് രക്ഷപ്പെട്ടുനില്‍ക്കുന്നത് എ കെ ആന്റണിയുടെ മഹാമനസ്കത കൊണ്ടാണെന്നും ജോസ് അഭിപ്രായപ്പെട്ടു.
സംഘടനാതെരഞ്ഞെടുപ്പിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും ഏപ്രിലില്‍ തെരഞ്ഞെടുപ്പു നടക്കുമെന്നും അദ്ദേഹം അറിയിച്ചു.












Click it and Unblock the Notifications