ജാര്‍ഖണ്ഡ്: പാര്‍ലമെന്റ് സ്തംഭിച്ചു
ദില്ലി: ജാര്‍ഖണ്ഡ് പ്രശ്നത്തില്‍ പ്രതിപക്ഷാംഗങ്ങള്‍ ബഹളം വച്ചതിനെ തുടര്‍ന്ന് ലോക്സഭ ഇന്നത്തേക്കു പിരിഞ്ഞു. രാജ്യസഭാ നടപടികള്‍ ഉച്ചക്ക് രണ്ടുമണി വരെ നിര്‍ത്തിവച്ചു.
ലോക്സഭ സമ്മേളിച്ചയുടന്‍ ജാര്‍ഖണ്ഡില്‍ ജനാധിപത്യം കൊലചെയ്യപ്പെടുകയാണെന്നാരോപിച്ച് എന്‍ഡിഎ അംഗങ്ങള്‍ സഭയില്‍ ബഹളം വച്ചു. ഗവര്‍ണര്‍ക്കെതിരെ വിമര്‍ശനമുന്നയിച്ച ബിജെപി നേതാവ് വി. കെ. മല്‍ഹോത്രയോട് ഈ നടപടി സഭാനിയമങ്ങളുടെ ലംഘനമാണെന്ന് സ്പീക്കര്‍ പറഞ്ഞെങ്കിലും മല്‍ഹോത്ര പിന്‍തിരിഞ്ഞില്ല.
ഇതേത്തുടര്‍ന്ന് സഭ അരമണിക്കൂര്‍ നേരത്തേക്കു നിര്‍ത്തിവയ്ക്കുന്നതായി സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി അറിയിച്ചു. അരമണിക്കൂറിനു ശേഷം സമ്മേളിച്ചപ്പോള്‍ എന്‍ഡിഎ അംഗങ്ങള്‍ വീണ്ടും ബഹളം വച്ചതിനെ തുടര്‍ന്ന് സ്പീക്കറുടെ സ്ഥാനത്തിരുന്നിരുന്ന ദേവേന്ദ്രപ്രസാദ് സഭ പിരിച്ചുവിട്ടതായി പ്രഖ്യാപിച്ചു.
രാജ്യസഭയിലും ജാര്‍ഖണ്ഡ് പ്രശ്നം ശബ്ദായമാനമായ രംഗങ്ങള്‍ സൃഷ്ടിച്ചു. സഭ സമ്മേളിച്ചയുടന്‍ ബിജെപി നേതാക്കളായ വെങ്കയ്യനായിഡു, മുരളീമനോഹര്‍ ജോഷി, പ്രമോദ് മഹാജന്‍, സുഷമ സ്വരാജ് എന്നിവര്‍ എഴുന്നേറ്റു നിന്ന് ജാര്‍ഖണ്ഡ് പ്രശ്നമുന്നയിക്കുകയായിരുന്നു.
സമാജ്വാദി പാര്‍ട്ടി നേതാവ് അമര്‍സിംഗും ജാര്‍ഖണ്ഡില്‍ കോണ്‍ഗ്രസിനെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച ഗവര്‍ണറുടെ നടപടിയെ വിമര്‍ശിച്ചു. ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന് ഇവര്‍ സഭയിലുണ്ടായിരുന്ന പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനോട് ആവശ്യപ്പെടുകയും ചെയ്തു. ഇതേതുടര്‍ന്നുണ്ടായ ബഹളം കാരണം രാജ്യസഭ രണ്ടുമണിവരെ നിര്‍ത്തിവയ്ക്കുന്നയാി രാജ്യസഭാ അധ്യക്ഷന്‍ ഭൈരോണ്‍ സിംഗ് ഷെഖാവത് അറിയിച്ചു.
ബുധനാഴ്ചയും ഇതേ പ്രശ്നം മൂലം രാജ്യസഭയും ലോക്സഭയും സ്തംഭിച്ചിരുന്നു.












Click it and Unblock the Notifications