ഐസ്ക്രീം കേസില്‍ താറടിക്കാന്‍ ശ്രമിച്ചു: വി.എസ്
തിരുവനന്തപുരം: ഐസ്ക്രീം പാര്‍ലര്‍ കേസില്‍ തന്നെയും പരേതനായ ചടയന്‍ ഗോവിന്ദനെയും താറടിച്ചു കാണിക്കാന്‍ പാര്‍ട്ടിക്കകത്തും പുറത്തുമുള്ളവര്‍ ശ്രമിച്ചതായി സിപിഎം പോളിറ്റ് ബ്യൂറോ അംഗം വി. എസ് അച്യുതാനന്ദന്‍.
ഈ കേസില്‍ മുന്‍മന്ത്രി കുഞ്ഞാലിക്കുട്ടിയെ രക്ഷിക്കാന്‍ തങ്ങള്‍ ശ്രമിച്ചെന്നാണ് ആരോപണമുയര്‍ത്തിയത്. പറഞ്ഞവര്‍ക്കു തന്നെ അതു തിരുത്തിപ്പറയേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളതെന്നും വി. എസ് പറഞ്ഞു.
ഐസ്ക്രീം പാര്‍ലര്‍ കേസ് സംബന്ധിച്ച് പാര്‍ട്ടിക്കുള്ളില്‍ മിനിട്സ് പരിശോധന നടന്നു. ഇതെത്തുടര്‍ന്ന് സത്യാവസ്ഥ പുറത്തുവരികയും ചെയ്തു. സിപിഎം നേതാവും കോഴിക്കോട് മേയറുമായിരുന്ന ടി. പി. ദാസനും ഡപ്യൂട്ടി മേയറായിരുന്ന രാജഗോപാലും പോലും കേസില്‍ പ്രതികളാണ് എന്നുകൂടി കണക്കിലെടുക്കുമ്പോള്‍ കുഞ്ഞാലിക്കുട്ടിയേയും കേസിലുള്‍പ്പെടുത്തണമെന്നാണ് താന്‍ പറഞ്ഞത്. ഇതുസംബന്ധിച്ച് തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് അതോടെ വ്യക്തമാവുകയും ചെയ്തു.
പിണറായി വിജയനല്ലേ ആരോപണമുന്നയിച്ചതെന്നുള്ള ചോദ്യത്തിന് അവരാരായാലും തിരുത്തിപ്പറയേണ്ടി വന്നിരിക്കുന്നുവെന്ന് വി. എസ് പറഞ്ഞു.
ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരെ പാര്‍ട്ടിക്കു പുറത്താക്കാന്‍ തക്ക അപരാധം അദ്ദേഹം ചെയ്തിട്ടുണ്ടോയെന്നു തീരുമാനിക്കേണ്ടത് കേന്ദ്രനേതൃത്വമാണെന്നും ഇതു സംബന്ധിച്ച് ബര്‍ലിന്‍ നായര്‍ കേന്ദ്രനേതൃത്വത്തിനു പരാതി നല്‍കുന്നുണ്ടെന്നാണ് തന്നോടു പറഞ്ഞതെന്നും വി.എസ് പറഞ്ഞു.












Click it and Unblock the Notifications