ഹൈക്കമാന്റിന്റെ കത്ത് മുരളിക്കു കൈമാറി
തിരുവനന്തപുരം: ഐ ഗ്രൂപ്പ് നടത്താനിരിക്കുന്ന മേഖലാറാലികള്‍ ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെടുന്ന കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെ കത്ത് മാര്‍ച്ച് അഞ്ച് ശനിയാഴ്ച കെ മുരളീധരന് കൈമാറി. കെപിസിസി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ള ദില്ലിയില്‍ നിന്ന് കൊണ്ടുവന്ന കത്ത് കെപിസിസി ജനറല്‍ സെക്രട്ടറി കൊടിക്കുന്നില്‍ സുരേഷാണ് മുരളീധരനു കൈമാറിയത്.
റാലി ഉപേക്ഷിച്ചില്ലെങ്കില്‍ അച്ചടക്കനടപടിയെടുക്കേണ്ടിവരുമെന്ന് കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
മുരളിയുടെ തിരുവനന്തപുരത്തെ മേല്‍വിലാസത്തിലാണ് കത്ത്. എഐസിസി ഓഫീസില്‍ നിന്ന് തിരുവനന്തപുരത്തുള്ള മുരളീധരന്റെ വീട്ടിലേക്കു വിളിച്ചാണ് കത്തിനുള്ള മേല്‍വിലാസം എടുത്തത്. ഇതുവഴി അച്ചടക്കനടപടി ഉണ്ടാകുമെന്ന സൂചന മുരളിക്കു കൊടുക്കാനും ഹൈക്കമാന്റിനു കഴിഞ്ഞിട്ടുണ്ട്.
റാലി മാറ്റി വച്ചില്ലെങ്കില്‍ മുരളിയോട് വിശദീകരണം ചോദിക്കാനുള്ള കത്തും ഹൈക്കമാന്റ് തെന്നലക്കു നല്‍കിയിട്ടുണ്ടെന്നാണ് അറിയുന്നത്.
എന്നാല്‍ റാലി സംഘടനാവിരുദ്ധമല്ലെന്ന നിലപാടാണ് മുരളി സ്വീകരിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ ചിത്രങ്ങള്‍ വച്ചാണ് റാലിക്കുള്ള പോസ്ററുകള്‍ അച്ചടിച്ചിരിക്കുന്നതെന്നും മുരളി പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
ഇതിനിടെ ഐ ഗ്രൂപ്പിലെ ഏതാനും എംഎല്‍എമാര്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കണ്ട് മുരളീധരന്‍ പുതിയ പാര്‍ട്ടിയുണ്ടാക്കിയാല്‍ കൂടെപ്പോവില്ലെന്ന് അറിയിച്ചിട്ടുണ്ട്. റാലിയില്‍ പങ്കെടുത്താല്‍ മന്ത്രിസഭയില്‍ തുടരാനാവില്ലെന്ന് ഐ ഗ്രൂപ്പ് മന്ത്രിമാരെ മുഖ്യമന്ത്രി ധരിപ്പിച്ചതായും അറിയുന്നു.
ഇതിനിടെ ദില്ലിയില്‍ കോണ്‍ഗ്രസ് നേതാക്കളായ പ്രണബ് മുക്കര്‍ജിയും അഹമ്മദ് പട്ടേലും കെ. കരുണാകരനെ കണ്ട് റാലി നടത്താനുള്ള തീരുമാനത്തില്‍ നിന്നും പിന്തിരിയണമെന്ന് ആവശ്യപ്പെട്ടു.












Click it and Unblock the Notifications