വിപ്രോയിലെ ബോംബ് ഭീഷണി വ്യാജം
ബാംഗ്ലൂര്‍: പ്രമുഖ സോഫ്റ്റ്വേര്‍ കമ്പനിയായ വിപ്രോയുടെ ബാംഗ്ലൂരിലെ ഓഫീസില്‍ ബോംബു വച്ചിട്ടുണ്ടെന്ന ഭീഷണി വ്യാജമാണെന്നു തെളിഞ്ഞു.
എംജി റോഡിലെ വിപ്രോ ഓഫീസില്‍ ബോംബുവച്ചിട്ടുണ്ടെന്നാണ് മാര്‍ച്ച് ഒന്‍പത് ബുധനാഴ്ച രാവിലെ ടെലഫോണ്‍ സന്ദേശം ലഭിച്ചത്. ഇതെത്തുടര്‍ന്ന് ഓഫീസ് സ്ഥിതി ചെയ്യുന്ന ബഹുനിലക്കെട്ടിടത്തില്‍ പൊലീസ് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഈ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ടൈംസ് ഓഫ് ഇന്ത്യ പത്രത്തിന്റെ ഓഫീസിലും പൊലീസ് പരിശോധന നടത്തി.
പൊലീസ് നായയുടേയും മെറ്റല്‍ ഡിറ്റക്ടറുകളുടേയും സഹായത്തോടെയാണ് കെട്ടിടത്തില്‍ പരിശോധന നടത്തിയത് . ആളുകളെയും പരിശോധിച്ചു.
തീവ്രവാദികള്‍ ബാംഗ്ലൂരിലെ സോഫ്റ്റ്വേര്‍ കമ്പനികള്‍ തകര്‍ക്കാന്‍ പദ്ധതിയിട്ടതായി ദില്ലി പൊലീസ് വെളിപ്പെടുത്തിയിരുന്നു. ബാംഗ്ലൂരിലെ കണ്ടോണ്മെന്റ് റെയില്‍വേ സ്റേഷനില്‍ നിന്നും ഈയാഴ്ച ആദ്യം സ്ഫോടകവസ്തുക്കളും ആയുധങ്ങളും കണ്ടെടുക്കുകയും ചെയ്തിരുന്നു.