റാലി: കണ്ണൂരിലെ നേതാക്കള്‍ പങ്കെടുക്കില്ല
കണ്ണൂര്‍: കോഴിക്കോട് മാര്‍ച്ച് ഒമ്പത് ബുധനാഴ്ച നടക്കുന്ന ഐ ഗ്രൂപ്പ് റാലിയില്‍ ഡിസിസി പ്രസിഡന്റടക്കം കണ്ണൂരിലെ പ്രമുഖ ഐ ഗ്രൂപ്പ് നേതാക്കള്‍ പങ്കെടുക്കില്ല. കോഴിക്കോട്, വയനാട് ഡിസിസി പ്രസിഡന്റുമാര്‍ക്കൊപ്പം കണ്ണൂര്‍ ഡിസിസി പ്രസിഡന്റും റാലിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് കെ. മുരളീധരന് ക്ഷീണമാകും.
ഐ ഗ്രൂപ്പുകാരായ ഡിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, ഡിസിസി ഭാരവാഹികള്‍, ജില്ലയിലെ ഐ ഗ്രൂപ്പ നേതാക്കളായ എ. പി. ജയശീലന്‍, പി. രാമകൃഷ്ണന്‍, മാര്‍ട്ടിന്‍ ജോര്‍ജ് എന്നിവര്‍ റാലിയില്‍ നിന്ന് വിട്ടുനില്‍ക്കും. ഐ ഗ്രൂപ്പ് എംഎല്‍എമാരായ കെ. സുധാകരനും എ. ഡി. മുസ്തഫയും നിയമസഭാസമ്മേളനത്തില്‍ പങ്കെടുക്കുന്നതിനാല്‍ റാലിക്ക് എത്തിച്ചേരില്ല.
കണ്ണൂരില്‍ കഴിഞ്ഞ ദിവസം നടന്ന ഐ ഗ്രൂപ്പ് നേതൃയോഗമാണ് റാലിയില്‍ പങ്കെടുക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്. റാലിയില്‍ പങ്കെടുക്കണമെന്ന ആവശ്യം കെ. സി. കടമ്പൂരാനും എ. ഡി. മുസ്തഫയും മാത്രമാണ് യോഗത്തില്‍ ഉന്നയിച്ചത്. മറ്റെല്ലാ നേതാക്കള്‍ക്കും റാലിയില്‍ പങ്കെടുക്കേണ്ടതില്ലെന്ന അഭിപ്രായമായിരുന്നു. യോഗതീരുമാനം ചൊവ്വാഴ്ച തന്നെ മുരളിയെ വിളിച്ചറിയിച്ചിരുന്നു. കണ്ണൂരില്‍ നിന്ന് റാലിയില്‍ പങ്കെടുക്കുന്ന നേതാവ് കെ. സി. കടമ്പൂരാന്‍ മാത്രമായിരിക്കും.
പാര്‍ട്ടി പിളര്‍പ്പിലേക്ക് നീങ്ങുന്നതിനോട് യോജിപ്പില്ലാത്തതിനാലാണ് ഈ നേതാക്കള്‍ റാലിയില്‍ പങ്കെടുക്കുന്നതില്‍ നിന്നും വിട്ടുനിന്നത്. ഹൈക്കമാന്റിനെ വെല്ലുവിളിച്ച് മുരളിക്കൊപ്പം നില്‍ക്കുന്നത് തങ്ങള്‍ക്ക് വിനയാവുമെന്ന് ആശങ്കയുള്ളതിനാലാണ് റാലിയുമായി സഹകരിക്കേണ്ടതില്ലെന്ന തീരുമാനത്തില്‍ ഇവരെത്തിയത്. എന്നാല്‍ ഐ ഗ്രൂപ്പ് വിടണമെന്ന അഭിപ്രായം ഇവര്‍ക്കാര്‍ക്കുമില്ല.












Click it and Unblock the Notifications