പേറ്റന്റ്: അമേരിക്കന്‍ കമ്പനിയുടെ അപ്പീല്‍ തള്ളി
ന്യൂഡല്‍ഹി: ആര്യവേപ്പിന് പേറ്റന്റ് അവകാശപ്പെട്ട് അമേരിക്കന്‍ കമ്പനിയായ ട്രാന്‍സ് നാഷണല്‍ കോര്‍പ്പറേഷന്‍ ഗ്രേസ്ി സമര്‍പ്പിച്ച അപ്പീല്‍ യൂറോപ്യന്‍ യൂനിയന്‍ കോടതി തള്ളി.
ആര്യവേപ്പില്‍ നിന്ന് വികസിപ്പിച്ചെടുത്ത കുമിള്‍ നാശിനിക്ക് ട്രാന്‍സ് നാഷണല്‍ കോര്‍പ്പറേഷന്‍ ഗ്രേസ് നേരത്തെ പേറ്റന്റ് സമ്പാദിച്ചിരുന്നു. ഇതിനെതിരെ ഗ്രീന്‍ പാര്‍ട്ടിയും ഇന്ത്യയിലെ ശാസ്ത്ര, സാങ്കേതിക പരിസ്ഥിതി കേന്ദ്രവും ജൈവകാര്‍ഷിക പ്രസ്ഥാനങ്ങളുടെ അന്താരാഷ്ട്ര സംഘടനയും പരാതി നല്‍കിയതിനെ തുടര്‍ന്ന് യൂറോപ്യന്‍ പേറ്റന്റ് ഓഫീസ് അത് റദ്ദാക്കിയിരുന്നു. ഈ ഉത്തരവാണ് മേല്‍ക്കോടതി ശരിവെച്ചിരിക്കുന്നത്.
ആര്യവേപ്പിന്റെ ഔഷധഗുണം ഇന്ത്യയില്‍ പരമ്പരാഗതമായി അറിവുള്ളതാണെന്ന വാദം കോടതി അംഗീകരിച്ചതായി ശാസ്ത്രസാങ്കേതിക പരിസ്ഥിതി ഗവേഷണ കേന്ദ്രം ഡയറക്ടര്‍ വന്ദനാ ശിവ മ്യൂണിച്ചില്‍ നിന്ന് അറിയിച്ചു. പേറ്റന്റിനെതിരെ വര്‍ഷങ്ങളായി നടത്തിയ പ്രചാരണത്തിന്റെയും നിയമപോരാട്ടത്തിന്റെയും വിജയമാണ് കോടതി വിധിയെന്നും അതില്‍ വലിയ ആഹ്ലാദമുണ്ടെന്നും അവര്‍ പറഞ്ഞു.
ആര്യവേപ്പിനെ കുമിള്‍ നാശിനിയായി ഉപയോഗിക്കാമെന്ന അറിവും അതിന്റെ മറ്റു ഉപയോഗങ്ങളും രണ്ടായിരത്തിലേറെ വര്‍ഷമായി ഇന്ത്യയില്‍ സുപരിചിതമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയിരിക്കുന്നത്. കീട പ്രതിരോധ വസ്തു, സോപ്പ്, സൗന്ദര്യവര്‍ധക വസ്തു ക്കള്‍, ഗര്‍ഭനിരോധനോപാധി എന്നിവയിലും വേപ്പ് അടിസ്ഥാനഘടകമായി ഇന്ത്യയിലുപയോഗിച്ചു വരുന്നുണ്ടെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി.
നേരത്തെ മഞ്ഞളിന്റെ ഔഷധഗുണത്തിന് പേറ്റന്റ് നല്‍കിയതിനെതിരെ ഇന്ത്യ സമര്‍പ്പിച്ച പരാതിയെത്തുടര്‍ന്ന് അമേരിക്ക അത് റദ്ദാക്കിയിരുന്നു. മഞ്ഞളിന്റെ ഔഷധഗുണം നൂറ്റാണ്ടുകളായി ഇന്ത്യയില്‍ ചിരപരിചിതമാണെന്ന വാദം അവര്‍ അംഗീകരിക്കുകയും ചെയ്തു.
ഏതെങ്കിലും അംഗീകൃത ശാസ്ത്ര പ്രസിദ്ധീകരണങ്ങളില്‍ മുമ്പ് വന്നിട്ടുള്ളതാണോ എന്നതിന്റെ അടിസ്ഥാനത്തിലാണ് അമേരിക്കയില്‍ പേറ്റന്റ് റദ്ദാക്കിവരുന്നത്. പരമ്പരാഗത അറിവുകള്‍ക്ക് അവര്‍ കാര്യമായ വില കല്‍പിക്കാറില്ല.
ഇതുമൂലം മറ്റു സമൂഹങ്ങള്‍ക്ക് പരിചിതമായ അറിവുകള്‍ക്ക് അമേരിക്കന്‍ കമ്പനികള്‍ അനായാസം പേറ്റന്റ് സമ്പാദിച്ചുവരുന്നുമുണ്ട്.












Click it and Unblock the Notifications