കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സപ്ലൈകോ നെല്ലുവാങ്ങും: മുഖ്യമന്ത്രി

  • By Super
Google Oneindia Malayalam News

തിരുവനന്തപുരം: നെല്ലുസംഭരണപ്രശ്നത്തില്‍ നിയമസഭകവാടത്തില്‍ മാര്‍ച്ച് ഒന്‍പത് ബുധനാഴ്ചയാരംഭിച്ച നിരാഹാരസമരം പിന്‍വലിച്ചു. മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചത്.

നെല്ല് സംഭരണം നടത്തുന്ന സഹകരണ സംഘങ്ങള്‍ക്ക് ജില്ലാ ബാങ്ക് വഴി വായ്പ നല്‍കും. എഫ്.സി.ഐ നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ സഹകരണ സംഘങ്ങളില്‍ നിന്നും സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ നെല്ല് സംഭരിക്കുമെന്നും പ്രതിപക്ഷ നേതാക്കള്‍ക്ക് മുഖ്യമന്ത്രി ഉറപ്പ് നല്‍കി.

നെല്ലുസംഭരണം സംബന്ധിച്ച് മാര്‍ച്ച് ഒന്‍പത് ബുധനാഴ്ചയാണ് വി.എസ് അച്യുതാനന്ദന്റെ നേതൃത്വത്തില്‍ പ്രതിപക്ഷഎംഎല്‍എമാര്‍ നിരാഹാരസമരം തുടങ്ങിയത്. ആദ്യ ദിവസം സര്‍ക്കാരും പ്രതിപക്ഷവുമായി നടന്ന ചര്‍ച്ചകള്‍ ഫലം കണ്ടില്ല. മാര്‍ച്ച് 10 വ്യാഴാഴ്ച പ്രശ്നം നിയമസഭയില്‍ ഉന്നയിച്ച പ്രതിപക്ഷം അടിയനന്തിരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് സഭയില്‍ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തിരുന്നു.

മാര്‍ച്ച് 10 വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍, സി.പി.ഐ എം.എല്‍.എ ബിനോയ് വിശ്വം എന്നിവര്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി ചര്‍ച്ച നടത്തി. ധനമന്ത്രി വക്കം പുരുഷോത്തമന്‍, റവന്യൂ മന്ത്രി കെ.എം. മാണി എന്നിവരും കൂടിയാലോചനകളില്‍ പങ്കെടുത്തു. പ്രതിപക്ഷം ചര്‍ച്ചയില്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ക്ക് തീരുമാനമായതോടെ സമരം പിന്‍വലിക്കുകയായിരുന്നു.

നെല്ല് സംഭരിച്ച് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ അതിനെ അരിയാക്കി മാറ്റും. ഇത് എഫ്സിഐക്ക് നല്‍കും. പ്രതിപക്ഷം ഉന്നയിച്ച ഈ ആവശ്യത്തിന് കേന്ദ്ര അംഗീകാരവും ലഭിച്ചിട്ടുണ്ട്. നെല്‍ കര്‍ഷകരുമായി ബന്ധപ്പെട്ട മറ്റ് പ്രശ്നങ്ങളും ചര്‍ച്ചയില്‍ വിഷയമായിരുന്നു.

സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ സംഭരിച്ച ശേഷവും നെല്ല് മിച്ചം വരുന്ന സഹകരണ സംഘങ്ങളെ സഹായിക്കാന്‍ ജില്ലാ ബാങ്ക് വഴി വായ്പ നല്‍കും. വിള ഇന്‍ഷ്വറന്‍സില്‍ ബാക്കി അടയ്ക്കാനുള്ള പ്രീമിയം തുക സര്‍ക്കാര്‍ ഉടന്‍ നല്‍കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്.

ആത്മഹത്യ ചെയ്ത കര്‍ഷകരുടെ ബന്ധുക്കള്‍ക്ക് ധനസഹായം നല്‍കുന്ന നടപടി ഉടന്‍ പൂര്‍ത്തിയാക്കുമെന്നും ചര്‍ച്ചയില്‍ മുഖ്യമന്ത്രി ഉറപ്പുനല്‍കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X