റാലി: ഹൈക്കമാന്റ് അച്ചടക്ക നടപടിയെടുക്കും
ന്യൂഡല്‍ഹി: കോഴിക്കോടു നടന്ന ഐ ഗ്രൂപ്പിന്റെ മേഖലാ റാലിയില്‍ പങ്കെടുത്ത നേതാക്കള്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് കോണ്‍ഗ്രസ് ഹൈക്കമാണ്ട് സൂചന നല്‍കി. ഇതേ പറ്റിയുള്ള വിശദമായ റിപ്പോര്‍ട്ട് കെപിസിസിയോട് പാര്‍ട്ടി ഹൈക്കമാണ്ട് ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിലാകും തുടര്‍ നടപടികള്‍ സ്വീകരിക്കുക.
അതിനിടെ ഐ ഗ്രൂപ്പിന്റെ തുടര്‍നീക്കങ്ങളെ ഏറെ പ്രാധാന്യത്തോടെയാണ് ഹൈക്കമാന്റ് നിരീക്ഷിക്കുന്നത്. കോഴിക്കോട്ടെ മേഖലാ റാലിക്കുണ്ടായപോലെ ജന പങ്കാളിത്തം ഇനിയുള്ള റാലിക്കുമുണ്ടാകുമോ എന്നതും പുതിയ പാര്‍ട്ടിയുണ്ടാക്കാന്‍ കെ.കരുണാകരന്‍ തയ്യാറാകുമോ എന്നതുമാണ് ഏറെ പ്രധാന്യമര്‍ഹിക്കുന്നത്. ശനിയാഴ്ച തിരുവനന്തപുരത്തെ റാലിക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
കരുണാകനെതിരെ അച്ചടക്ക നടപടി ഉണ്ടാവില്ലെന്നും കോണ്‍ഗ്രസ് സൂചന നല്‍കി. ബഹുമാനമര്‍ഹിക്കുന്ന മുതിര്‍ന്ന നേതാവാണ് കരുണാകരനെന്ന നിലപാടിലാണ് ഈ തീരുമാനം. തിരുവനന്തപുരത്തെയും കൊച്ചിയിലേയും മേഖലാറാലികള്‍ മാറ്റിവച്ച് മുരളീധരന്‍ മാപ്പുപറഞ്ഞാല്‍ സസ്പെന്‍ഷന്‍ പിന്‍വലിച്ചേക്കുമെന്നും സൂചനയുണ്ട്. എന്നാല്‍ കോഴിക്കോട്ടെ റാലി വിജയമായ സാഹചര്യത്തില്‍ ഇത്തരമൊരു നിലപാടെടുക്കാന്‍ മുരളീധരന്‍ തയ്യാറായേക്കില്ല.
റാലിയില്‍ പങ്കെടുത്ത ഐ ഗ്രൂപ്പിലെ മറ്റ് പ്രമുഖര്‍ക്കെതിരെ നടപടിയെടുക്കാനാണ് ഹൈക്കമാന്റ് നീക്കം. അച്ചടക്ക നടപടി ആര്‍ക്കെല്ലാമെതിരെ വേണമെന്ന് കെപിസിസി റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ തീരുമാനിക്കും.
റാലിയില്‍ പങ്കെടുത്തവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications