വിശ്വാസവോട്ട് തേടാതെ ജാര്‍ഖണ്ഡ് സഭ പിരിഞ്ഞു
റാഞ്ചി: വിശ്വാസവോട്ടെടുപ്പ് നടത്താതെ ജാര്‍ഖണ്ഡ് നിയമസഭ മാര്‍ച്ച് 15 വരെ പിരിഞ്ഞു. മാര്‍ച്ച് 11ന് വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന സുപ്രിം കോടതിയുടെ നിര്‍ദേശം ലംഘിച്ചാണ് പ്രോട്ടം സ്പീക്കര്‍ പ്രദീപ്കുമാര്‍ ബല്‍മുച്ചു സഭ പിരിയുന്നതായി പ്രഖ്യാപിച്ചത്.
ഇന്ത്യയിലെവിടെയും പ്രോട്ടം സ്പീക്കറുടെ മേല്‍നോട്ടത്തില്‍ വിശ്വാസവോട്ടെടുപ്പ് നടന്നിട്ടില്ലെന്ന് പ്രദീപ്കുമാര്‍ ബല്‍മുച്ചു സഭയെ അറിയിച്ചു. വിശ്വാസവോട്ടെടുപ്പ് നടത്താതെ സഭ മാര്‍ച്ച് 15 വരെ പിരിയുന്നതായുള്ള പ്രോട്ടം സ്പീക്കറുടെ പ്രഖ്യാപനം എന്‍ഡിഎ അംഗങ്ങളുടെ പ്രതിഷേധത്തിന് വഴിയൊരുക്കി.
ഇക്കാര്യത്തില്‍ ലോക്സഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി മുന്നോട്ടുവച്ച നിര്‍ദേശത്തെ പിന്തുണച്ച ബല്‍മുച്ചു സഭാനടപടി സംബന്ധിച്ച സുപ്രിം കോടതി വിധിയെ പറ്റി രാഷ്ട്രപതി സുപ്രിം കോടതിയുടെ അഭിപ്രായം ആരായണമെന്ന് ആവശ്യപ്പെട്ടു. രാവിലെ മുതല്‍ തുടങ്ങിയ ബഹളം തുടരുന്നതിടയില്‍ സഭ പിരിയുന്നതായി സ്പീക്കര്‍ പ്രഖ്യാപിച്ചു.
ജാര്‍ഖണ്ഡ് നിയമസഭ വീണ്ടും നിര്‍ത്തിവച്ചു
സമയം 2.40 പിഎം
മാര്‍ച്ച് 11, 2005
റാഞ്ചി: ബഹളത്തെ തുടര്‍ന്ന് ജാര്‍ഖണ്ഡ് നിയമസഭ വീണ്ടും നിര്‍ത്തിവച്ചു. മൂന്ന് മണിവരെയാണ് പ്രോട്ടം സ്പീക്കര്‍ സഭ നിര്‍ത്തിവച്ചത്. മാര്‍ച്ച് 11 വെള്ളിയാഴ്ച രാവിലെ സഭ ചേര്‍ന്നതിനു ശേഷം ഇത് അഞ്ചാമത്തെ തവണയാണ് സഭ നിര്‍ത്തിവയ്ക്കുന്നത്.
ജാര്‍ഖണ്ഡിലെ അഞ്ച് സ്വതന്ത്ര എംഎല്‍എമാര്‍ പ്രതിപക്ഷ നേതാവ് എല്‍. കെ. അദ്വാനിയോടൊപ്പം നില്‍ക്കുന്ന പത്രഫോട്ടോ കാട്ടി ബഹളം വയ്ക്കുകയാണ് ഭരണപക്ഷ എംഎല്‍എമാര്‍ ചെയ്തത്. ഫോട്ടോയില്‍ ഒരാള്‍ തോക്കുമായി നില്‍ക്കുന്നത് ചൂണ്ടിക്കാട്ടി സ്വതന്ത്ര എംഎല്‍എമാരെ തോക്കിന്‍കുഴലിന് മുന്നില്‍ ബന്ദികളാക്കി വച്ചിരിക്കുകയാണെന്ന് ആരോപിച്ചാണ് ഭരണപക്ഷ എംഎല്‍എമാര്‍ ബഹളം വച്ചത്. സഭയുടെ നടുത്തളത്തിലേക്കിറങ്ങി എംഎല്‍എമാര്‍ ബഹളം വച്ചതോടെ സഭ നിര്‍ത്തിവയ്ക്കാന്‍ പ്രോട്ടം സ്പീക്കര്‍ നിര്‍ബന്ധിതനായി.
ജാര്‍ഖണ്ഡ് നിയമസഭ നിര്‍ത്തിവച്ചു
മാര്‍ച്ച് 11, 2005
റാഞ്ചി: ബഹളത്തെ തുടര്‍ന്ന് ജാര്‍ഖണ്ഡ് നിയമസഭ മാര്‍ച്ച് 11 വെള്ളിയാഴ്ച ഉച്ചക്ക് രണ്ടു മണിവരെ നിര്‍ത്തിവച്ചു.
രാവിലെ സഭ ചേര്‍ന്നതിന് ശേഷം നാല് തവണയാണ് ബഹളം മൂലം സഭ നിര്‍ത്തിവച്ചത്. ഭരണകക്ഷി അംഗങ്ങളാണ് ബഹളമുണ്ടാക്കിയത്. വിശ്വാസവോട്ടെടുപ്പ് നടത്താന്‍ പ്രോട്ടം സ്പീക്കര്‍ക്ക് അവകാശമില്ലെന്ന് ഭരണകക്ഷി അംഗങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ വിശ്വാസവോട്ടെടുപ്പ് അല്ലാതെ മറ്റ് നടപടികള്‍ക്ക് പ്രോട്ടം സ്പീക്കര്‍ മേല്‍നോട്ടം വഹിച്ചാല്‍ അത് സുപ്രിം കോടതിയുടെ വിധിയുടെ ലംഘനമാവുമെന്ന് എന്‍ഡിഎ വാദിച്ചു.
വിശ്വാസവോട്ടെടുപ്പ് നടത്താതിരിക്കാനാണ് യുപിഎ ശ്രമിക്കുന്നത്. പ്രോട്ടം സ്പീക്കര്‍ രാജിവയ്ക്കാന്‍ സാധ്യതയുണ്ട്. പ്രോട്ടം സ്പീക്കര്‍ രാജിവച്ചാല്‍ വിശ്വാസവോട്ടെടുപ്പ് നീണ്ടുപോകും.












Click it and Unblock the Notifications