കോണ്‍ഗ്രസ് ഔദ്യോഗിക പക്ഷവും റാലിക്കൊരുങ്ങുന്നു
തിരുവനന്തപുരം: റാലികളിലൂടെ കരുത്ത് തെളിയിക്കാന്‍ സംസ്ഥാന കോണ്‍ഗ്രസിലെ ഔദ്യോഗിക വിഭാഗവും ശ്രമം തുടങ്ങി. മാര്‍ച്ച് 14ന് ചേരുന്ന കെപിസിസി നിര്‍വാഹക സമിതിയോഗം ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കും.
മേഖലാ റാലികള്‍ നടത്തി കരുത്ത് തെളിയിച്ച് മുന്നേറുന്ന ഐ വിഭാഗത്തിന് തിരിച്ചടി നല്‍കുകയാവും കെപിസിസി റാലികളുടെ ഉദ്ദേശം. ജില്ലാതലങ്ങളില്‍ ശക്തിപ്രകടനം നടത്താനാണ് കെപിസിസിയുടെ ശ്രമം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോട് അടുപ്പമുള്ള നേതാക്കളാണ് ഈ പദ്ധതിയുമായി മുന്നോട്ടുവന്നിരിക്കുന്നത്.
കെപിസിസി പ്രസിഡന്റ് തെന്നല ബാലകൃഷ്ണ പിള്ളയുമായും ഇതേപ്പറ്റി ഇവര്‍ ചര്‍ച്ച നടത്തിയിട്ടുണ്ട്. 14ന് ചേരുന്ന നിര്‍വാഹക സമിതിയോഗത്തില്‍ റാലി നടത്താനുള്ള പദ്ധതി അവതരിപ്പിച്ച് അനുകൂല തീരുമാനം ഉണ്ടാക്കാനാണ് നീക്കം. മുഖ്യമന്ത്രിയോട് അനുഭാവമുള്ളവര്‍ റാലിക്ക് പിന്തുണ നല്‍കിയേക്കും.
കോഴിക്കോട് മേഖലാ റാലിയില്‍ സംസാരിക്കവെ ഇത്രയും ജനങ്ങളെ പങ്കെടുപ്പിച്ച് റാലി നടത്തിക്കാണിക്കാന്‍ മുഖ്യമന്ത്രിയെ കെ. കരുണാകരന്‍ വെല്ലുവിളിച്ചിരുന്നു. ഇത് ഏറ്റെടുക്കുന്നുവെന്ന സന്ദേശം നല്‍കിയാണ് കോണ്‍ഗ്രസിലെ ഔദ്യോഗിക വിഭാഗം കരുത്ത് തെളിയിക്കലിന് ഒരുങ്ങുന്നത്.
കോണ്‍ഗ്രസ് ഹൈക്കമാന്‍റുമായും ഇതേപ്പറ്റിയുള്ള ചര്‍ച്ച നടക്കും. സംസ്ഥാന തലത്തില്‍ സംഘടിക്കുന്ന ഒരു റാലിയില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ പങ്കെടുപ്പിക്കാനും ശ്രമമുണ്ട്. എന്നാല്‍ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ ഔദ്യോഗിക റാലിക്ക് അംഗീകാരം നല്‍കുമെങ്കിലും റാലിയില്‍ പങ്കെടുക്കാന്‍ സോണിയ എത്തിയേക്കില്ല.
ഔദ്യോഗികപക്ഷം നടത്താനൊരുങ്ങുന്ന റാലികളെപ്പറ്റി പ്രതികരിക്കാന്‍ തെന്നല ബാലകൃഷ്ണപിള്ള തയ്യാറായില്ല. കെപിസിസി നിര്‍വാഹക സമിതിയോഗമാണ് ഇത്തരത്തിലുള്ള തീരുമാനങ്ങള്‍ എടുക്കേണ്ടതെന്ന് തെന്നല പറഞ്ഞു.
ഐ ഗ്രൂപ്പിന്റെ തിരുവനന്തപുരം മേഖലാ റാലിയില്‍ പങ്കെടുക്കുന്ന എംഎല്‍എമാര്‍ക്കെതിരെ നടപടി എടുക്കണമോയെന്ന് തീരുമാനിക്കേണ്ടത് കെപിസിസി നിര്‍വാഹകസമിതിയാണെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications