വൈപ്പിനില്‍ കടല്‍ തീരത്തേക്ക് കയറി
വൈപ്പിന്‍: വൈപ്പിനിലും എടവനാട്ടുകര, പുതുവൈപ്പ്, ചാപ്ര എന്നിവിടങ്ങളിലും മാര്‍ച്ച് 10 വ്യാഴാഴ്ച അര്‍ധരാത്രി മുതലുണ്ടായ കടല്‍ക്ഷോഭം ജനങ്ങളെ പരിഭ്രാന്തിയിലാക്കി.
മാര്‍ച്ച് 11 വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടുമണിക്ക് കടല്‍ തീരപ്രദേശങ്ങളിലേക്കു കയറിയതിനെ തുടര്‍ന്ന് ആളുകള്‍ വീടുവിട്ട് സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറാന്‍ തുടങ്ങി. പല വീടുകളിലും താല്‍ക്കാലിക ഷെഡുകളിലും വെള്ളം കയറിയിട്ടുണ്ട്. മൂന്നുമണിയോടെ കടല്‍ പുറകോട്ടു മാറിയെങ്കിലും ഭയം മൂലം ആളുകള്‍ പലരും വീടുകളിലേക്കു തിരിച്ചുപോയിട്ടില്ല. കടല്‍ഭിത്തി തകര്‍ന്ന സ്ഥലങ്ങളിലാണ് കടല്‍ കരയിലേക്കു കയറിയത്. ഈ പ്രദേശത്ത് അധികൃതര്‍ ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.
മുന്‍പ് സുനാമി ദുരന്തമുണ്ടായപ്പോഴും ആദ്യം കടല്‍ പുറകോട്ടു പോയതിനു ശേഷമാണ് തീരത്തേക്കടിച്ചു കയറിയത്. ഇതാണ് ആളുകളെ കൂടുതല്‍ ഭയപ്പെടുത്താന്‍ കാരണമായത്. എടവനക്കാടു പ്രദേശത്ത് സുനാമി ദുരന്തത്തില്‍ അഞ്ചുപേര്‍ മരിച്ചിരുന്നു.
സുനാമി ദുരന്തമുണ്ടായ ഈ പ്രദേശങ്ങളില്‍ ഒരു മാസം കൂടി സൗജന്യറേഷന്‍ നല്‍കാനാണ് തീരുമാനമെന്ന് ജില്ലാകളക്ടര്‍ എ. പി. എം മുഹമ്മദ് ഹനീഷ് അറിയിച്ചു.സുനാമി ദുരിതബാധിതര്‍ക്കുളള 244 വീടുകളില്‍ 192 എണ്ണത്തിന്റെ നിര്‍മാണം നടന്നുകൊണ്ടിരിക്കുകയാണ്. മാര്‍ച്ച് 20ഓടെ 10 വീടുകളെങ്കിലും താമസയോഗ്യമാകുമെന്നാണ് കരുതുന്നത്. ഏപ്രില്‍ അവസാനത്തോടെ എല്ലാ വീടുകളുടെയും പണി പൂര്‍ത്തിയാകുമെന്നു കരുതുന്നു.
ഈ പ്രദേശങ്ങളില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ കടല്‍ഭിത്തി നിര്‍മാണം നടന്നുവരുന്നതായും കളക്ടര്‍ അറിയിച്ചു.












Click it and Unblock the Notifications