പ്രശ്നം തീര്‍ക്കാന്‍ ആന്റണിയുടെ ശ്രമം
ദില്ലി: കേരളത്തിലെ കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ തീര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി എ. കെ. ആന്റണി ഹൈക്കമാന്റുമായി രണ്ടുവട്ടം ചര്‍ച്ച നടത്തി. പാര്‍ട്ടിയെ പിളര്‍പ്പിലേക്ക് നയിക്കും വിധം കടുത്ത നടപടികള്‍ ഉപേക്ഷിക്കണമെന്ന് ആന്റണി കേന്ദ്രനേതൃത്വത്തോട് ആവശ്യപ്പെട്ടു.
മാര്‍ച്ച് 13 ഞായറാഴ്ച ആന്റണിയുമായി എഐസിസി ജനറല്‍ സെക്രട്ടറി അഹമ്മദ് പട്ടേല്‍ കേരളത്തിലെ കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തു. ശനിയാഴ്ച സോണിയാഗാന്ധിയുമായും ആന്റണി ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചകളിലെല്ലാം കരുണാകരവിഭാഗത്തോട് മൃദുസമീപനം സ്വീകരിക്കണമെന്ന നിലപാടാണ് ആന്റണി സ്വീകരിച്ചത്. കടുത്ത അച്ചടക്ക നടപടികള്‍ പാര്‍ട്ടിയെ തകര്‍ക്കുന്നതിലേക്കാണ് നയിക്കുകയെന്ന അഭിപ്രായമാണ് ആന്റണി പ്രകടിപ്പിച്ചത്.
ഹൈക്കമാന്റില്‍ ശക്തമായ സ്വാധീനമുള്ള ആന്റണിയുടെ നിലപാട് കേരളത്തിലെ കോണ്‍ഗ്രസിലെ പ്രശ്നങ്ങളുടെ ഗതി നിര്‍ണയിക്കുന്നതില്‍ പ്രധാനപങ്ക് വഹിക്കും. ആന്റണിയുടെ നിലപാട് തള്ളിക്കൊണ്ടുള്ള സമീപനം ഹൈക്കമാന്റ് സ്വീകരിക്കാനിടയില്ല. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ളവരുടെ കര്‍ശന സമീപനത്തില്‍ നിന്ന് വ്യത്യസ്തമാണ് ആന്റണിയുടെ നിലപാട്.
കടുത്ത നിലപാട് സ്വീകരിക്കുന്ന ഉമ്മന്‍ചാണ്ടിയുമായി അഭിപ്രായവ്യത്യാസമൊന്നുമില്ലെന്നും ഓരോരുത്തരുടെയും കാഴ്ചപ്പാടുകള്‍ വ്യത്യസ്തമാവാമെന്നും ആന്റണി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കേരളത്തിലെ പാര്‍ട്ടിയെ പിളര്‍പ്പിലേക്ക് നയിക്കരുതെന്ന് ആഗ്രഹമുണ്ടെന്നും പിളര്‍പ്പ് ഒഴിവാക്കാന്‍ വേണ്ടത് ചെയ്യണമെന്നും ഹൈക്കമാന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
കേരളത്തിലെ കോണ്‍ഗ്രസിന് ഇനിയുമൊരു പിളര്‍പ്പ് താങ്ങാനാവില്ല. ഇപ്പോള്‍ പാര്‍ട്ടി തീര്‍ത്തും അപകടകരമായ നിലയിലാണ്. അതുകൊണ്ടാണ് താന്‍ ഇടപെട്ടത്. ഇതുവരെയുള്ള പിളര്‍പ്പുകളെല്ലാം പാര്‍ട്ടിക്ക് ക്ഷീണമാണുണ്ടാക്കിയത്- ആന്റണി പറഞ്ഞു. അതേ സമയം പ്രശ്നങ്ങളില്‍ മധ്യസ്ഥത വഹിക്കാന്‍ താനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications