റിപ്പോര്‍ട്ടുമായി തെന്നല ഇന്ന് ദില്ലിക്ക്
തിരുവനന്തപുരം: ഐ ഗ്രൂപ്പ് റാലികള്‍ക്കു ശേഷമുള്ള കേരളത്തിലെ കോണ്‍ഗ്രസിലെ സ്ഥിതിവിശേഷം ഹൈക്കമാന്റിനെ ധരിപ്പിക്കാന്‍ കെപിസിസി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ള മാര്‍ച്ച് 14 തിങ്കളാഴ്ച ദില്ലിക്കു പോകും.
ഗ്രൂപ്പ് റാലികളെക്കുറിച്ച് ഹൈക്കമാന്റിന്റെ ആവശ്യപ്രകാരം കെപിസിസി വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ നേതാക്കള്‍ക്കെതിരെ അച്ചടക്കനടപടിയുണ്ടാകുമെന്നു തീര്‍ച്ചയാണ്.
നിയമസഭാകക്ഷി ഉപനേതാവ് എം.പി ഗംഗാധരന്‍, തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് എന്‍. പീതാംബരക്കുറുപ്പ് എന്നിവര്‍ക്കെതിരെ കടുത്ത അച്ചടക്കനടപടിയുണ്ടാവുമെന്ന കാര്യം തീര്‍ച്ചയാണ്. ഐ ഗ്രൂപ്പ് റാലിക്കു ചുക്കാന്‍ പിടിക്കുകയും റാലിയോടനുബന്ധിച്ച സമ്മേളനത്തില്‍ അധ്യക്ഷത വഹിക്കുകയും ചെയ്തതാണ് പീതാംബരക്കുറുപ്പിനെ നോട്ടപ്പുള്ളിയാക്കുന്നത്. മുഖ്യമന്ത്രിക്കെതിരെ ഗംഗാധരന്‍ നടത്തിയ രൂക്ഷവിമര്‍ശനമാണ് അദ്ദേഹത്തിനെതിരായ പ്രധാന ആരോപണം. റാലിയില്‍ പങ്കെടുത്ത ഏക എംഎല്‍എയാണ് ഗംഗാധരന്‍.
ഇതേസമയം കെ.കരുണാകരനും മാര്‍ച്ച് 15 ചൊവ്വാഴ്ച ദില്ലിക്കു പോകുന്നുണ്ട്. സോണിയയെ കാണാന്‍ അദ്ദേഹം ശ്രമിക്കും. എറണാകുളം റാലി നടക്കുന്നതിനുമുന്‍പ് സോണിയയെ സന്ദര്‍ശിക്കുന്നതിന് ഐ ഗ്രൂപ്പ് എംഎല്‍എമാരും ശ്രമിക്കുന്നുണ്ട്. ഈ ശ്രമം വിജയിച്ചാല്‍ ഗ്രൂപ്പ് പരാതികള്‍ സോണിയയെ ധരിപ്പിക്കാനും അതുവഴി കൂടുതല്‍ അച്ചടക്കനടപടികള്‍ ഒഴിവാക്കാനും സാധിക്കുമെന്നാണ് ഐ ഗ്രൂപ്പിന്റെ കണക്കുകൂട്ടല്‍. പ്രശ്നപരിഹാരത്തിനായി എ. കെ. ആന്റണി മുന്‍കയ്യെടുക്കുന്നതും ഐ ഗ്രൂപ്പിന് പ്രതീക്ഷ നല്‍കുന്നുണ്ട്.












Click it and Unblock the Notifications