സൂര്യനെല്ലി: അപ്പീലിന് നിയമോപദേശം
കൊച്ചി: സൂര്യനെല്ലി പെണ്‍വാണിഭ കേസിലെ ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്കാന് സംസ്ഥാന സര്‍ക്കാരിന് നിയമോപദേശം ലഭിച്ചു.
ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കണമെന്ന നിയമോപദേശം നല്‍കിയിരിക്കുന്നത് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ കെ. ഗോപാലകൃഷ്ണകുറുപ്പാണ്. ആഭ്യന്തര വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് മാര്‍ച്ച് 15 ചൊവാഴ്ച കൈമാറും.
സൂര്യനെല്ലിക്കേസില്‍ 35പേരെ വെറുതെ വിട്ട ഹൈക്കോടതി വിധി വ്യാപക പ്രതിഷേധത്തിന് ഇട വരുത്തിയിരുന്നു. ഇതേത്തുടര്‍ന്ന് വിവിധ വനിതാസംഘടനകളും പ്രതിപക്ഷകക്ഷികളും സുപ്രീംകോടതിയില്‍ അപ്പീല്‍ നല്കാന് സര്‍ക്കാരിനോടാവശ്യപ്പെട്ടെങ്കിലും നിയമോപദേശം കിട്ടിയ ശേഷമേ അപ്പീല്‍ നല്‍കുന്നതിനെക്കുറിച്ച് ചിന്തിക്കൂവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നു. സ്പെഷല്‍ പൊസിക്യൂട്ടറിന്റെ ശുപാര്‍ശയെ തുടര്‍ന്ന് കേസില്‍ അപ്പീല്‍ നല്കാന് സര്‍ക്കാര്‍ നിര്‍ബന്ധിതമാകും.