മദ്യനയം: കരടുരൂപം സമര്‍പ്പിച്ചു
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ പുതിയ മദ്യനയത്തിന്റെ കരടുരൂപം നിയമസഭയുടെ പരിഗണനയ്ക്ക് സമര്‍പ്പിച്ചു. കെടിഡിസിയുടെ തിരുവനന്തപുരം മസ്കറ്റ് ഹോട്ടലില്‍ ചെറുകിട ബിയര്‍ പാര്‍ലര്‍ നിര്‍മ്മാണ യൂണിറ്റ് തുടങ്ങാനുള്ള പദ്ധതിയും കരടുരൂപത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പരീക്ഷണാടിസ്ഥാനത്തില്‍ സ്ഥാപിക്കുന്ന നിര്‍മ്മാണ യൂണിറ്റിലൂടെ പല രുചികളിലുള്ള ബിയര്‍ ഉണ്ടാക്കാനാണ് പരിപാടി. 5000 രൂപ വാര്‍ഷിക ലൈസന്‍സ് ഫീസ് ഈടാക്കിയാകും ഇതിന് അനുമതി നല്‍കുക. കള്ളുഷാപ്പുകളുടെ എണ്ണം മുന്‍വര്‍ഷത്തേതിനു സമാനമായി നിലനിര്‍ത്തുമെന്നും കരട് നയം വ്യക്തമാക്കുന്നു.
എല്ലാ കള്ള് ഷാപ്പുകളിലുിം ചാരായ നിരോധനം മൂലം ജോലി പോയ ഒരു തൊഴിലാളി വേണമെന്ന വ്യവസ്ഥ കര്‍ശനമാക്കും. വിദേശ മദ്യ പാര്‍ലറുകളുടെ ലൈസന്‍സ് കൈമാറ്റത്തിനുള്ള വ്യവസ്ഥകള്‍ മാറ്റും. ചില നിയന്ത്രണങ്ങള്‍ക്ക് വിധേയമായിട്ടാകും ഇത്. തൊഴിലാളി സഹകരണ സംഘങ്ങള്‍ നടത്തുന്ന ഷാപ്പുകളില്‍ നിന്നും 500 രൂപയേ ഫീസ് ഈടാക്കൂ.
ഒരു ലക്ഷം രൂപ വാര്‍ഷിക കിസ്തും 20 തൊഴിലാളികളുമുള്ള കള്ള് ഷാപ്പുകളുടെ വാടക 15 ശതമാനം ഉയര്‍ത്തും. മറ്റുള്ളവയ്ക്ക് ഇത് 25 ശതമാനമാകും. അബ്കാരി കേസില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത ഷാപ്പുകളുടെ ലൈസന്‍സ് പുതുക്കി നല്‍കും.
ബാര്‍ ലൈസന്‍സ് ലഭിച്ചിട്ടും അത് തുടങ്ങാനാകാത്ത ത്രീ സ്റാര്‍ ഹോട്ടലുകള്‍ക്ക് ബിയര്‍ പാര്‍ലര്‍ തുടങ്ങാന്‍ അനുമതി നല്‍കും. ത്രീ സ്റാര്‍ ഹോട്ടലുകളില്‍ ബിയര്‍ പാര്‍ലറുകള്‍ തുടങ്ങുന്നതിനുള്ള വ്യവസ്ഥകള്‍ ഉദാരമാക്കിയിട്ടുള്ള പുതിയ നയമനുസരിച്ച് പഞ്ച നക്ഷത്ര ഹോട്ടലുകളില്‍ മദ്യം വിളമ്പുന്നതിനുള്ള വ്യവസ്ഥകളിലും മാറ്റം ഉണ്ട്.
കള്ള് ഷാപ്പുകള്‍ക്ക് നല്‍കുന്ന ദൂര പരിധിയിലെ ഇളവ് സംബന്ധിച്ച വ്യവസ്ഥ മുന്‍ വര്‍ഷത്തിലേതിനു സമാനമാകും. ഷാപ്പുകളുടേയും ബാറുകളുടേയും ഒഴിവ് ദിനത്തില്‍ മാറ്റമില്ല. മദ്യനയത്തില്‍ മുന്‍ വര്‍ഷത്തെ ഇളവുകള്‍ അതേ പടി കരട് നയത്തിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സര്‍ക്കാര്‍ നടത്തുന്ന ലഹരി വിരുദ്ധ പ്രചരണങ്ങള്‍ ശക്തമാക്കുമെന്നും മദ്യാസക്തി കുറയ്ക്കാനുള്ള നടപടികള്‍ തുടരുമെന്നും മദ്യനയത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications