കൊല്ലത്തും സമാന്തര ഡിസിസി രൂപീകരിച്ചു
കൊല്ലം: കോണ്‍ഗ്രസ് ഐ ഗ്രൂപ്പ് കൊല്ലം ജില്ലയിലും സമാന്തര ഡിസിസി രൂപീകരിച്ചു. കൊല്ലത്തുചേര്‍ന്ന ഗ്രൂപ്പ് യോഗത്തില്‍ കെ.മുരളീധരനാണ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി എന്ന പേരില്‍ സമാന്തര ഡിസിസി പ്രഖ്യാപിച്ചത്. കെ.കരുണാകരന്‍ പിള്ളയാണ് സമാന്തരഡിസിസി ചെയര്‍മാന്‍.
ഡിസിസി സെക്രട്ടറിമാരായ എം.അന്‍സര്‍, അഞ്ചല്‍ സോമന്‍ എന്നിവര്‍ വൈസ് ചെയര്‍മാന്‍മാരായിരിക്കും. കെപിസിസി അംഗങ്ങളായ ചിതറ മധു, കോയിവിള രാമചന്ദ്രന്‍ എന്നിവരാണ് ജനറല്‍ കണ്‍വീനര്‍മാര്‍. ജില്ലാ പഞ്ചായത്തംഗം എന്‍.വിജയന്‍ പിള്ള ട്രഷററായിരിക്കും. 25 പേരടങ്ങിയ എക്സിക്യുട്ടീവ് കമ്മിറ്റിയും രൂപവത്കരിച്ചു.
സമാന്തര ഡിസിസിയുടെ ആദ്യയോഗം മാര്‍ച്ച് 18 ന് നടക്കും. പുതിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഏപ്രില്‍ അവസാനമോ മെയ് ആദ്യവാരമോ പതിനായിരങ്ങള്‍ പങ്കെടുക്കുന്ന ജില്ലാറാലി നടക്കുമെന്ന് മുരളീധരന്‍ യോഗത്തില്‍ അറിയിച്ചു.
ഗ്രൂപ്പിനെതിരായ നയം സ്വീകരിച്ച ഡിസിസി പ്രസിഡന്റ് ശൂരനാട് രാജശേഖരനെയും മറ്റും രൂക്ഷമായി മുരളീധരന്‍ വിമര്‍ശിച്ചു. കോഴിക്കോട്റാലി കഴിഞ്ഞപ്പോള്‍ തന്നെ രാജശേഖരന്‍ ഗ്രൂപ്പ് വിടുമെന്ന് തനിക്ക് സംശയമുണ്ടായിരുന്നതായി മുരളീധരന്‍ പറഞ്ഞു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ്കാലത്ത് പേമെന്റ്സീറ്റ് വിവാദത്തില്‍പ്പെട്ട രാജശേഖരന്‍ കാരണം തനിക്കും തന്റെ കുടുംബത്തിനും ഏറെ പഴികേള്‍ക്കേണ്ടിവന്നു. രാജശേഖരനില്‍ നിന്ന് ആരും പണം വാങ്ങുകയായിരുന്നില്ല. തങ്ങള്‍ രാജശേഖരന് എത്ര കൊടുത്തു എന്ന കാര്യം ഡി.സി.സി.വൈസ്പ്രസിഡന്റ് കരുണാകരന്‍ പിള്ളയ്ക്കറിയാമെന്ന് മുരളി പറഞ്ഞു.












Click it and Unblock the Notifications