കെപിസിസി യോഗത്തില്‍ ആന്റണിയും ഉമ്മന്‍ചാണ്ടിയും ഏറ്റുമുട്ടി
തിരുവനന്തപുരം: കെപിസിസി യോഗത്തില്‍ എം.പി ഗംഗാധരനെ പുറത്താക്കിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിലപാടിനെ എ. കെ. ആന്റണി ചോദ്യം ചെയ്തു. ഗംഗാധരനെതിരെ നടപടിയെടുത്തത് ആരോടു ചോദിച്ചിട്ടാണെന്ന് ആന്റണി ചോദിച്ചു. അച്ചടക്കനടപടിയല്ല, അനുരഞ്ജനമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസില്‍ പിളര്‍പ്പുണ്ടാക്കരുതെന്ന അഭ്യര്‍ത്ഥനയോടെയാണ് ആന്റണി പ്രസംഗം തുടങ്ങിയത്. താന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പല വിട്ടുവീഴ്ചകളും ചെയ്തിട്ടുണ്ട്. ഇപ്പോള്‍ തന്റെ മാധ്യസ്ഥശ്രമങ്ങള്‍ തിരക്കിട്ടെടുത്ത അച്ചടക്കനടപടി മൂലം ഫലമില്ലാതായി. ശരദ്പവാറിനെ പോലുള്ളവര്‍ കോണ്‍ഗ്രസ് വിട്ടുപോയത് ദോഷമേ ചെയ്തിട്ടമള്ളൂവെന്ന് പിളര്‍പ്പുകള്‍ കോണ്‍ഗ്രസിനുണ്ടാക്കിയ നഷ്ടങ്ങള്‍ക്കുദാഹരണമായി അദ്ദേഹം പറഞ്ഞു.
ഇന്നത്തെ സാഹചര്യത്തില്‍ പാര്‍ട്ടിയെ പിളര്‍പ്പിലേക്കു നയിക്കുന്നതു പാര്‍ട്ടിക്കു ദോഷം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. പാപം ചെയ്യാത്തവര്‍ ആരുണ്ടെന്ന് ആന്റണി ചോദിച്ചു.
എന്നാല്‍ അച്ചടക്കവും ഐക്യവും ഒന്നിച്ചു കൊണ്ടുപാകാനാവില്ലെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു. എംഎല്‍എമാരുടെ ആഗ്രഹ പ്രകാരമാണ് ഗംഗാധരനെ നിയമസഭാകക്ഷി ഉപനേതാവിന്റെ സ്ഥാനത്തു നിന്നും മാറ്റിയത്. കെപിസിസി പ്രഖ്യാപിച്ചിരിക്കുന്ന റാലി കഴിയുന്നതോടെ പാര്‍ട്ടി കൂടുതല്‍ ശക്തമാകും. പാര്‍ട്ടി പിളര്‍ന്നാലും കോണ്‍ഗ്രസുകാര്‍ കരുണാകരനൊപ്പം പോവില്ലെന്നും ഇനി വിട്ടുവീഴ്ചക്കൊരുക്കമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
യോഗത്തില്‍ പങ്കെടുത്ത ഭൂരിഭാഗം നേതാക്കളും അച്ചടക്കലംഘനം നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് അഭിപ്രായപ്പെട്ടു.കരുണാകരന്‍ പാര്‍ട്ടി വിട്ടാല്‍ ഒന്നും സംഭവിക്കില്ലെന്നും ആന്റണിയെ ഭരിക്കാന്‍ ഇവര്‍ സമ്മതിച്ചിരുന്നോ എന്നും വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് ചോദിച്ചു. കരുണാകരനെ പുറത്താക്കുന്നത് ആന്റണിക്കും ഗുണകരമാകുമെന്ന പരാമര്‍ശവും ആര്യാടന്‍ നടത്തി. തനിക്ക് വേണ്ടി ആരും പറയേണ്ടെന്നായിരുന്നു ഇതിന് ആന്റണി മറുപടി നല്‍കിയത്.
അച്ഛനും മകനും വേണ്ടി വിട്ടുവീഴ്ചകളൊന്നും ചെയ്യരുതെന്ന അഭിപ്രായമാണ് കെ. പി. ഉണ്ണികൃഷ്ണന്‍ യോഗത്തില്‍ പ്രകടിപ്പിച്ചത്.
യോഗത്തില്‍ പങ്കെടുത്ത കോഴിക്കോട് ഡിസിസി പ്രസിഡന്റ് വീരാന്‍കുട്ടി നടത്തിയ അഭിപ്രായ പ്രകടനങ്ങളും ശ്രദ്ധേയമായി. കോഴിക്കോട്ടെ ഐ ഗ്രൂപ്പ് റാലിയില്‍ പങ്കെടുക്കാത്തത് വിഷം കഴിക്കാന്‍ താത്പര്യമില്ലാത്തതിനാലാണെന്നും ബിസ്ക്കറ്റും മിഠായിയുമാണ് തനിക്ക് ഇഷ്ടമെന്നും വീരാന്‍കുട്ടി പറഞ്ഞു.
കെപിസിസി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ളയുടെ നേതൃത്വത്തില്‍ നടക്കുന്ന യോഗത്തില്‍ ദേശീയ നേതാക്കളായ വയലാര്‍ രവിയും രമേശ് ചെന്നിത്തലയും യോഗത്തില്‍ പങ്കെടുക്കുന്നില്ല. തിരുവനന്തപുരം, കൊല്ലം ഡി.സി.സി. പ്രസിഡന്റുമാരും യോഗത്തിനെത്തിയില്ല.












Click it and Unblock the Notifications