ഐ ഗ്രൂപ്പ് ഉറച്ച് തന്നെ
കോഴിക്കോട്: ഐ ഗ്രൂപ്പ് നിലപാടുകളില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്ന് കെ.മുരളീധരന്‍ വ്യക്തമാക്കി.
അനുരഞ്ജനം എന്നൊക്കെ പറയുന്നത് എറണാകുളം റാലി പൊളിയ്ക്കാനുള്ള തന്ത്രമാണ്. ഇതിലൊന്നും ഐ വിഭാഗം വീഴില്ല. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിയ്ക്കവേയാണ് മുരളി ഇത് വ്യക്തമാക്കിയത്.
അച്ചടക്ക നടപടി സ്വീകരിച്ച് കുത്തിക്കൊല്ലാന്‍ നോക്കി. ഇപ്പോള്‍ അനുരഞ്ജനം എന്ന് പറഞ്ഞ് നക്കി കൊല്ലാന്‍ നോക്കുകയാണ്. എറണാകുളം റാലി കഴിയുമ്പോള്‍ ആര്‍ക്കും ഐ വിഭാഗത്തിന്റെ നിലപാടില്‍ ഒരു സംശയവും ഉണ്ടാവില്ല. എറണാകുളം റാലിയില്‍ നിലപാട് വ്യക്തമാക്കും.
ദില്ലിയില്‍ കരുണാകരന്‍ അഹമ്മദ് പട്ടേലും ഓസ്കാര്‍ ഫെര്‍ണാണ്ടസും മാത്രമായേ ചര്‍ച്ച നടത്തിയിട്ടുള്ളു. സോണിയാ ഗാന്ധിയെ ഇതുവരെ കണ്ടിട്ടില്ല. ഇതുവരെ നടന്ന ചര്‍ച്ചകളിലൊന്നും പ്രശ്ന പരിഹാരത്തിനുള്ള ഒരു നിര്‍ദ്ദേശവും ഉണ്ടായിട്ടില്ല. മുരളി പിളര്‍പ്പിന്റെ സ്വരവും കരുണാകരന്‍ അനുരഞ്ജനത്തിന്റെ സ്വരവുമാണെന്ന് പലരും പറയുന്നുണ്ട്. എന്നാല്‍ ഇരുവരുടെയും നിലപാട് ഒന്നാണെന്ന് വൈകാതെ എല്ലാപേര്‍ക്കും മനസ്സിലാവും.
അനുരഞ്ജനം എന്ന് പരക്കെ പറയുന്നുണ്ടെങ്കിലും തകൃതിയായി അച്ചടക്ക നടപടിയും പുറത്താക്കലും നടക്കുന്നുണ്ട്. അനുരഞ്ജനം എന്ന് പറഞ്ഞ് പുത്തന്‍ ഫോര്‍മുലയൊന്നും ആരും കൊണ്ടുവരണ്ട. ഇതുവരെ കൊണ്ടുവന്ന ഫോര്‍മുലകളൊക്കെ ചതിക്കുഴികളായിരുന്നു. ഇപ്പോള്‍ കോണ്‍ഗ്രസുകാര്‍ രണ്ടായി തന്നെയാണ് പ്രവര്‍ത്തിയ്ക്കുന്നത്.
ഉമ്മന്‍ ചാണ്ടിയുടെ ഏകധിപത്യത്തിന് ദിനംപ്രതി തെളിവുകള്‍ ഉണ്ടാവുകയാണ്. എറ്റവും പുതിയത് പുതിയ മദ്യനയമാണ്. കെപിസിസിയിലോ ഐക്യമുന്നണിയിലോ ചര്‍ച്ച ചെയ്യാതെയാണ് പുതിയ മദ്യനയം തീരുമാനിച്ചത്. മുഖ്യമന്ത്രി മദ്യ ലോബിയുടെ പിണിയാളായി പ്രവര്‍ത്തിയ്ക്കുകയാണ്. ഉമ്മന്‍ ചാണ്ടി പറയുന്നത് നടപ്പാക്കുകയാണ് ഇപ്പോള്‍ കെപിസിസി ചെയ്യുന്നത്.












Click it and Unblock the Notifications