13 എംഎല്‍എമാര്‍ റാലിയില്‍ പങ്കെടുത്തേക്കും
തിരുവനന്തപുരം: മാര്‍ച്ച് 21 തിങ്കളാഴ്ച വൈകീട്ട് കൊച്ചിയില്‍ നടത്തുന്ന ഐ ഗ്രൂപ്പ് മേഖലാറാലിയില്‍ ഗ്രൂപ്പിലെ 13 എംഎല്‍എമാര്‍ പങ്കെടുത്തേക്കും.
റാലിയില്‍ പങ്കെടുക്കുന്നതിനായി ഇവര്‍ തിരുവനന്തപുരത്തു നിന്നും കൊച്ചിയിലേക്ക് പുറപ്പെട്ടിട്ടുണ്ടെന്നാണ് അറിയുന്നത്. പി. ശങ്കരന്‍, എം. പി. ഗംഗാധരന്‍, ശോഭനാ ജോര്‍ജ്, ഡി. സുഗതന്‍, ഇ. ജെ. അസസ്തി, ടി. ചന്ദ്രമോഹന്‍, മാലേത്ത് സരളാദേവി തുടങ്ങിയവര്‍ എംഎല്‍എമാരുടെ സംഘത്തിലുണ്ട്.
തിങ്കളാഴ്ച നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് വിപ്പ് നല്‍കിയിരുന്നെങ്കിലും എസ്എസ്എല്‍സി ചോദ്യപേപ്പര്‍ ചോര്‍ച്ചയെ ചൊല്ലിയുള്ള പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭ രാവിലെ തന്നെ നിര്‍ത്തിവച്ചിരുന്നു. സഭ നിര്‍ത്തിവച്ചതോടെ വിപ്പ് ലംഘനം പ്രശ്നമാവില്ലെന്നതിനാല്‍ റാലിയില്‍ പങ്കെടുക്കാന്‍ എംഎല്‍എമാര്‍ക്ക് സൗകര്യമായി.
നിയമസഭക്ക് അവധിദിനമായ ശനിയാഴ്ചയായിരുന്നിട്ടും മാര്‍ച്ച് 12ന് നടന്ന ഐ ഗ്രൂപ്പിന്റെ തിരുവനന്തപുരം റാലിയില്‍ എം. പി. ഗംഗാധരന്‍ ഒഴികെയുള്ള എംഎല്‍എമാര്‍ പങ്കെടുത്തിരുന്നില്ല. കോഴിക്കോട് റാലിയില്‍ പങ്കെടുത്ത പല നേതാക്കള്‍ക്കുമെതിരെ നടപടി ഉണ്ടായതിന്റെ വെളിച്ചത്തില്‍ കൂടുതല്‍ നടപടി ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് എംഎല്‍എമാര്‍ തിരുവനന്തപുരം റാലിയില്‍ നിന്നും വിട്ടുനിന്നത്.
എന്നാല്‍ തിരുവനന്തപുരം റാലിയില്‍ പങ്കെടുത്തതിന് എം. പി. ഗംഗാധരനെ നിയമസഭാകക്ഷി ഉപനേതാവ് സ്ഥാനത്തു നിന്നും നീക്കിയതല്ലാതെ ആ റാലിയില്‍ പങ്കെടുത്ത ആര്‍ക്കെതിരെയും പാര്‍ട്ടിതല നടപടി ഇതുവരെ ഉണ്ടായിട്ടില്ല. ഹൈക്കമാന്റുമായി കരുണാകരന്‍ ചര്‍ച്ച നടത്തിയ സാഹചര്യത്തില്‍ കൂടുതല്‍ നടപടിയുണ്ടാവില്ലെന്ന കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തിലാണ് എംഎല്‍എമാര്‍ റാലിയില്‍ പങ്കെടുക്കാന്‍ തയ്യാറായതെന്ന് അറിയുന്നത്. 13 എംഎല്‍എമാര്‍ കൂട്ടമായി റാലിയില്‍ പങ്കെടുക്കുമ്പോള്‍ എല്ലാവര്‍ക്കുമെതിരെ ഒന്നിച്ച് നടപടിയെടുക്കാന്‍ നേതൃത്വം ധൈര്യപ്പെടില്ലെന്നും അവര്‍ കരുതുന്നു.












Click it and Unblock the Notifications