ചോദ്യപേപ്പര്‍ ചോര്‍ച്ച: ക്രൈംബ്രാഞ്ച് അന്വേഷിക്കും
തിരുവനന്തപുരം: എസ്എസ്എല്‍സി. പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തെ പറ്റി ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ അറിയിച്ചു.
ഇതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷം നിയമസഭയില്‍ അടിയന്തിരപ്രമേയത്തിന് അനുമതി തേടിയതിന് മറുപടിയായായണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
ഐജി മഹേഷ് കുമാര്‍ സിംഗ്ലയുടെ നേതൃത്വത്തിലാകും അന്വേഷണം. കൂടുതല്‍ ചോദ്യപേപ്പര്‍ ചോര്‍ന്നുവെന്ന് സംശയമുള്ളതിനാല്‍ ചൊവ്വാഴ്ചയും ബുധനാഴ്ചയും നടക്കേണ്ട പരീക്ഷകള്‍ മാറ്റിവച്ചിട്ടുണ്ട്.
ചോദ്യപേപ്പര്‍ ചോര്‍ത്തിയതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ എത്ര ഉന്നതരായാലും നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഗ്രേഡിംഗ് സമ്പ്രദായം അട്ടിമറിക്കാനുള്ള ഗൂഢനീക്കമാണ് ഇതിന് പിന്നില്‍. സാമ്പത്തികനേട്ടത്തിനും സ്വന്തക്കാരെ സഹായിക്കുന്നതിനും വേണ്ടിയാണ് മുമ്പൊക്കെ ചോദ്യപേപ്പര്‍ ചോര്‍ച്ച ഉണ്ടായിട്ടുള്ളതെങ്കില്‍ ഈ ചോര്‍ച്ചയുടെ പിന്നില്‍ മറ്റ് ലക്ഷ്യങ്ങളാണുള്ളതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
സര്‍ക്കാരിന് ഇതില്‍ ഒന്നും ഒളിച്ചുവയ്ക്കാനില്ലെന്നും ഏത് അന്വേഷണവും നടത്താന്‍ തയ്യാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ അടിയന്തിരപ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി.












Click it and Unblock the Notifications