ചോദ്യപേപ്പര്‍ ചോര്‍ന്നു; എസ്എസ്എല്‍സി പരീക്ഷകള്‍ മാറ്റി
തിരുവനന്തപുരം: എസ്എസ്എല്‍സി പഴയ സ്കീമിലെ സോഷ്യല്‍ സയന്‍സ് രണ്ടാം പേപ്പര്‍ ചോദ്യക്കടലാസ് ചോര്‍ന്നതിനെ തുടര്‍ന്ന് മാര്‍ച്ച് 21 തിങ്കളാഴ്ച നടത്താനിരുന്ന പരീക്ഷ മാറ്റിവച്ചു. ചൊവ്വാഴചയും ബുധനാഴ്ചയും നടത്താനിരുന്ന പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്. ഈ പരീക്ഷകളുടെ ചോദ്യപേപ്പറുകളും ചോര്‍ന്നുവെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണിത്. പുതിയ തീയതി പിന്നീട് അറിയിക്കും.
തലസ്ഥാനത്തെ ചില കേന്ദ്രങ്ങളില്‍ ലഭിച്ച ചോദ്യപേപ്പര്‍ തിങ്കളാഴ്ച നടത്താനിരുന്ന എസ്എസ്എല്‍സി പരീക്ഷയുടെ ചോദ്യപേപ്പര്‍ തന്നെയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പരീക്ഷ മാറ്റിയത്.
സോഷ്യല്‍ സയന്‍സ് രണ്ടാം പേപ്പര്‍ പരീക്ഷയുട ചോദ്യക്കടലാസുകള്‍ പൊട്ടിക്കരുതെന്ന് പരീക്ഷാ കമ്മിഷണര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചോദ്യപേപ്പറുകള്‍ പൊട്ടിച്ചിട്ടില്ലെന്ന് ചീഫ് സൂപ്രണ്ടുമാര്‍ ഉറപ്പുവരുത്തണമെന്നാണ് നിര്‍ദേശം. ചോദ്യപേപ്പറുകള്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് 12ന് മുമ്പായി ഡിഇഒയ്ക്ക് കൈമാറണമെന്നും നിര്‍ദേശമുണ്ട്. തിരുവനന്തപുരത്തെ പാക്കറ്റുകള്‍ പൊട്ടിച്ചിട്ടുണ്ടോ എന്ന് സൂക്ഷ്മമായി പരിശോധിക്കാനും ചോദ്യപേപ്പര്‍ എവിടെ നിന്നാണ് ചോര്‍ന്നതെന്ന് കണ്ടുപിടിക്കാനുമാണ് തീരുമാനം.
കഴിഞ്ഞ ദിവസം നടന്ന കണക്ക്, ചരിത്രം, ഇംഗ്ലീഷ്, ഹിന്ദി എന്നിവയുടെ ചോദ്യപേപ്പറുകളും ചോര്‍ന്നതായി പ്രചാരണമുണ്ടായിരുന്നു. ചരിത്രപരീക്ഷയുടെ ചില ചോദ്യങ്ങള്‍ മൊബൈലുകളിലൂടെ പ്രചരിച്ചതിനെ തുടര്‍ന്ന് ചോദ്യപേപ്പര്‍ ചോര്‍ന്നുവെന്ന ആരോപണത്തെ കുറിച്ച് അന്വേഷിക്കാന്‍ ഡിപിഐഎ അജിത്കുമാര്‍ അഡീഷണല്‍ ഡിജിപി രാജന്‍ മഥേക്കറോട് ആവശ്യപ്പെട്ടിരുന്നു.
എസ്എസ്എല്‍സി പരീക്ഷ മാറ്റിവയ്ക്കുന്നത് ഇത് മൂന്നാം തവണയാണ്. 1983ലും ഭൂമിശാസ്ത്രം പരീക്ഷയും 97ല്‍ കണക്ക്, ഹിന്ദി പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്.












Click it and Unblock the Notifications