രാജി ഗ്രൂപ്പിന് വേണ്ടിയല്ല: അനില്‍കുമാര്‍
തിരുവനന്തപുരം: ഗ്രൂപ്പ് അടിസ്ഥാനത്തിലല്ല മന്ത്രിസ്ഥാനം രാജിവച്ചതെന്നും വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നും എ. പി. അനില്‍ കുമാര്‍ പറഞ്ഞു.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാനാണ് രാജി. രാജി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിയോട് നിര്‍ബന്ധമായും പറഞ്ഞിട്ടുണ്ടെന്നും എത്രയും വേഗം രാജി മുഖ്യമന്ത്രി സ്വീകരിക്കുമെന്നാണ് കരുതുന്നതെന്നും അനില്‍ കുമാര്‍ പറഞ്ഞു. രാജി പ്രഖ്യാപനം നടത്താനായി നിയമസഭാ കോപ്ലക്സില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എം. പി. ഗംഗാധരനെ നിയമസഭാ കക്ഷി ഉപനേതാവിന്റെ സ്ഥാനത്തു നിന്ന് മാറ്റുമെന്നതിനാലാണ് എംഎല്‍എമാരുടെ യോഗത്തില്‍ പങ്കെടുക്കാത്തത്. അത് വ്യക്തിപരമായിരുന്നു. യോഗത്തില്‍ എന്ത് തീരുമാനമെടുത്താലും അതില്‍ വ്യക്തിപരമായ തന്റെ പങ്കാളിത്തം ഉണ്ടാവരുതെന്ന് കരുതിയാണ് യോഗത്തില്‍ നിന്നും വിട്ടുനിന്നത്. ഇതേ കാരണത്താലാണ് തിങ്കളാഴ്ചയും നിയമസഭാ കക്ഷിയോഗത്തില്‍ പങ്കെടുക്കാതിരുന്നത്. മുഖ്യമന്ത്രിക്ക് ഇക്കാര്യത്തില്‍ ബുദ്ധിമുട്ടുണ്ടായി എന്ന് തോന്നിയതിനാലാണ് രാജിക്ക് തീരുമാനിച്ചത്.
എന്നും മുഖ്യമന്ത്രിക്ക് പിന്തുണ നല്‍കി പ്രവര്‍ത്തിച്ച മന്ത്രിയാണ് താന്‍. മന്ത്രിയായി ചുമതലയേറ്റ ശേഷം മുഖ്യമന്ത്രിയ്ക്ക് അസൗകര്യമുണ്ടാക്കിയത് രാജി നല്‍കിയപ്പോള്‍ മാത്രമാണ്. രാത്രി ഉറങ്ങിക്കിടന്ന മുഖ്യമന്ത്രിയെ വിളിച്ചുണര്‍ത്തിയാണ് രാജി നല്‍കിയത്- അനില്‍ കുമാര്‍ പറഞ്ഞു.
എംഎല്‍എയെന്ന നിലയിലും പാര്‍ട്ടി പ്രവര്‍ത്തകനെന്ന നിലയിലും തന്റെ എല്ലാ പിന്തുണയും തുടര്‍ന്നും ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനുണ്ടാകും. ഹൈക്കമാന്റിന്റെ തീരുമാനങ്ങളെ അംഗീകരിക്കുന്ന നിലപാടായിരിക്കും തന്റേത്.
താന്‍ ഏതു ഗ്രൂപ്പിലാണെന്ന് എല്ലാ മാധ്യമ പ്രവര്‍ത്തകര്‍ക്കും അറിയാം. ഇനിയുള്ള എല്ലാ നിയമസഭാ കക്ഷിയോഗത്തിലും പങ്കെടുക്കും. കെപിസി യോഗങ്ങളിലും പങ്കെടുക്കാറുണ്ട്. ഇനിയും പങ്കെടുക്കും. മുന്‍ മുഖ്യമന്ത്രി എ. കെ. ആന്റണിയുമായും ചര്‍ച്ച നടത്തിയിരുന്നുവെന്നും അനില്‍ കുമാര്‍ വെളിപ്പെടുത്തി.












Click it and Unblock the Notifications